Wednesday, March 23, 2011

മരുഭൂമിയിലെ പച്ചപ്പ്‌...


അവിചാരിതമായാണ് ഇങ്ങനെ ഒരിടതെതിയത്. നിനക്കാതിരുന്നപ്പോള്‍ ഉണ്ടായ ഒരു അപ്കൈക് യാത്ര. എന്റെ കമ്പനിയുടെ അറേബ്യന്‍ ഗോടൌണിലേക്ക്. കൂട്ടിന്നു എന്റെ പ്രിയപ്പെട്ട കെനിയന്‍ സുഹൃത്ത്‌ മുഹമ്മദും. അതിരസകരമായ വാചാലമായ യാത്രയായിരുന്നു അത്. ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും വിഷയങ്ങള്‍ അവസാനിച്ചതെ ഇല്ലാ. 'പഞ്ചാരമണല്‍-സമുദ്രം' എനിക്ക് ആദ്യത്തെ അനുഭവമാണ്. സൌദിയില്‍ 4 വര്‍ഷങ്ങള്‍ ഞാന്‍ അതിജീവിചിടും ' തരിചെടുത്ത റവ' പോലുള്ള മണല്‍ പരപ്പിലൂടെ ഞാന്‍ ഇന്നേ വരെ നടന്നിട്ടില്ലാ. അടുത്ത അങ്ങാടി  160  കിലോമീറ്റര്‍ അകലെയായിരുന്നിട്ടും, കണ്‍വെട്ടതിലെവിടെയെങ്കിലും  ഒരു ചെരുമരം പോലും കാണാന്‍ കഴിയാത്ത മൊട്ടയടിച്ച മരുഭൂമിയുടെ  ഒരു ഏകാന്ത തുരുത്തില്‍ നീണ്ട 2 വര്‍ഷങ്ങള്‍ തള്ളിനീക്കിയിടും എനിക്ക് സിനിമകളില്‍ കണ്ടിരുന്ന മരുഭൂമി അനുഭവേദ്യമായിരുന്നില്ലാ..  ഞാന്‍ കണ്ടിരുന്നതത്രയും മണ്‍ഭൂമിയായിരുന്നു.. ഒരു പുല്‍ക്കൊടിക്ക് പോലും ജന്മം നല്‍കാന്‍ വിധിയില്ലാതെ വരണ്ട ഗര്‍ഭപാത്രം.. പണ്ടൊരിക്കല്‍ മരുഭൂമി കാണിച്ചു തരുമോ ചോദിച്ചപ്പോള്‍ എന്റെ സുഹൃത്ത്‌  ഇവിടെ ഇന്ന് 5 മണികൂര്‍  യാത്ര ചെയ്താലേ അവിടെയെതൂ എന്ന് പറഞ്ഞു പിന്തിരിപിച്ചു.. തലയില്‍ രണ്ടു കൊമ്പുള്ള ചൈനീസ് വ്യാളികളെ ഓര്‍മിപ്പിക്കുന്ന പമ്പുകളും വലിയ ഓന്തുകളും തേളുകളൂമൊക്കെ  പതിയിരിക്കുന്ന മനോഹരമായ മരുഭൂമി.  ഏതു നിമിഷവും വീശിയടിക്കാവുന്ന പൊടിക്കാറ്റ് സ്ഥലകാലബോധത്തെ അങ്കലാപ്പിക്കുന്ന മണല്‍ക്കാട്.  അധികം ചിലവഴിക്കാന്‍ സമയ പരിമിധി അനുവദിചില്ലെങ്കിലും നാട്ടില്‍ മംമൂട്ടികാക്കയുടെ പീടികത്തിണ്ണയില്‍ കൂടിയിരിക്കുമ്പോള്‍ പറഞ്ഞു ബോറടിപ്പിക്കാന്‍ ഒരു മണല്കാടിന്റെ കഥയും കൂടെ കരുതി ഞാന്‍.

സൗദി അറേബ്യ യില്‍ വേറെ എവിടെയും സ്ഥലം കിട്ടാഞ്ഞിട്ടാകണം ഈ പട്ടിക്കാടില്‍. വളച്ചു കെട്ടിയ 2  ഏക്കറില്‍ നിറയെ disposable accommodation container കളും പ്രോജെച്ടുകളില്‍ നിന്നും ഒഴിവാക്കിയ യന്ത്ര സാമഗ്രികളും മറ്റു  വസ്തുക്കളും. അതു കാത്തുകെട്ടിക്കിടക്കുന്ന  എട്ടുപത് ജീവനുകളും.. അവരില്‍ 3 മലയാളികളും ഉണ്ടായിരുന്നു. 3G യെങ്കിലും ഉണ്ടായിരുന്നെങ്കില്‍ മനസമാധാനത്തോടെ വീട്ടിലേക്കു കുറച്ചു സമയം സംസാരിക്കുകയെങ്കിലും ആകാമായിരുന്നുവെന്നു അലികാക്ക പറയുന്നു.  ഒരു വലിയ റൂമില്‍ അട്ടിയിട്ടിരിക്കുന്ന കംപ്യൂട്ടെറുകളും  മറ്റു അനുബന്ധ വസ്തുകളും. അവയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിവുള്ള മൂന്നുനാലെണ്ണം എടുത്തു വൃത്തിയാക്കി ഞങ്ങള്‍ യാത്ര തിരിച്ചു.

വരുന്ന വഴിക്ക് മുഹമ്മദിന് ഒട്ടകപാല്‍ കുടിക്കാനൊരു പൂതി. എന്നോട് അനുവാദം ചോദിച്ചു. ഞാനെന്തു പറയാന്‍. യാത്ര ചെയ്യുമ്പോള്‍ റോഡിനു കുറച്ചു മാറി വേലികെട്ടി മറച്ച ചെറിയ കൂട്ടിനകത്ത്‌ ഒട്ടകങ്ങളെ ഇട്ടിരിക്കുനത് പണ്ടും ഞാന്‍ കണ്ടിട്ടുണ്ട്. അടുത്ത് പോകാന്‍ പേടിയായിരുന്നു. വരണ്ട ഭൂമിയില്‍ വലിയൊരു കാലം കത്തുന്ന സൂര്യന്റെ താഴെ ഒട്ടകങ്ങളെ മേച്ചു ജീവിക്കുന്നവര്‍, ഒരിക്കല്‍ പോലും ഗള്‍ഫിന്റെ വര്‍ണ്ണാഭമായ നഗരങ്ങളിലേക്ക് കണ്ണും കാലും കുതാത്തവര്‍. ആഞ്ഞു വീശുന്ന മണല്‍കാറ്റിനെ മുഖത്തിട്ട തുണികൊണ്ടും രാത്രി രണ്ടു കമ്പിന്മേല്‍ നാട്ടിയ ചെറിയ തുണികൂടാരം കൊണ്ടും പ്രതിരോധിക്കാന്‍ ശ്രമിക്കുനവര്‍. ജീവിക്കുകയല്ല അതിജീവിക്കുന്നവരാണവര്‍. അങ്ങനെയുള്ളവര്‍ക്ക് a/c യില്‍ നിന്നിറങ്ങിയാല്‍ a/c യിലേക്ക് കയറുന്ന മണല്കാടും കാറ്റും ആലിപ്പഴ വര്‍ഷവും ഒക്കെ അടച്ചിട്ട ജനലിനപ്പുറത്തെ മറ്റൊരു ലോകത്തിരുന്നു കൌതുകത്തോടെ കാണുന്നവരോട് വെറുപ്പാണെന്നു ഞാന്‍ കേട്ടിട്ടുണ്ട്. ഒട്ടകത്തെ കണ്ടു വണ്ടി നിര്‍ത്തി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചാല്‍ കയ്യിലുള്ള വടികൊണ്ടടിക്കുമെന്നും എറിയുമെന്നും അരക്ക് പിന്നില്‍ കൊളുത്തി വെച്ച തോക്കെടുത്ത് പൊട്ടിക്കുമെന്നും  ഒക്കെ ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു.

ചെറിയ പേടി എന്നെ വേട്ടയാടി, മുഹമ്മദ്‌ നമുക്ക് ഒട്ടകപ്പാല്‍ കുടിച്ചാലോ എന്ന് ചോദിച്ചപ്പോള്‍.. മൌനിയായിരുന്ന എന്നോട് പേടിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ പക്ഷെ ഞെട്ടിയുണര്‍ന്നു 'ഹേ ഇല്ലാ' എന്നാണു ഞാന്‍ പറഞ്ഞത്. നമുക്ക് പോയി നോക്കാം എന്ന് പറഞ്ഞു മുഹമ്മദ്‌ റോഡില്‍ നിന്നും മരുഭൂമിയിലേക്ക് വണ്ടി തിരിച്ചു. ഒരു 2 കിലോമീറ്റര്‍ അകലെ ചെറിയ ഒരു തമ്പ് കേട്ടിയുയര്തിയിട്ടുണ്ട്. അതിന്റെ അടുത്ത് തന്നെ വേലി കെട്ടി തിരിച്ച കൂടിനകത്ത്‌ ഒരുപാട് ഒട്ടകങ്ങള്‍.. ആ തംബിനുള്ളിലെ അറബിയെ കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു.  ഒരു കത്തിയുടെയോ തോക്കിന്റെയോ മുനയില്‍ നിര്‍ത്തി കയ്യിലുള്ളതെല്ലാം കൊള്ളയടിച്ചു രണ്ടും കൊട്ടും തന്നു വണ്ടി  വിടാന്‍ പറയുമോ എന്ന് എനിക്ക് വല്ലാത്ത ഭയം തോന്നി.

അടുതെതിയപ്പോള്‍ ഒരാള്‍ തംബിനടുത്തു നിന്നും പതുക്കെ എണീച്ചു വരുന്നത് കണ്ടു. ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങി അടുത്തേക്ക് നടന്നു. ഒരു മൊബൈല്‍ ഫോണ്‍ വണ്ടിയില്‍ തന്നെ വെച്ചു. മറ്റൊന്ന് കയ്യിലെടുത്തു, ഫോട്ടോ എടുക്കാന്‍.  മുഷിഞ്ഞ വേഷം; വെള്ളം കണ്ടിട്ട്  കാലങ്ങളായിരിക്കും. അയാള്‍ക്കടുതെതി ഞങ്ങള്‍ അസ്സലാമു അലൈക്കും പറഞ്ഞു. സൌഹൃദത്തിലേക്കുള്ള  ആദ്യത്തെ ചൂണ്ട. തുടര്‍ന്ന് സംസാരിക്കുംതോറും എന്നെ ബാധിച്ച ഭയം പതുക്കെ പതുക്കെ പടിയിറങ്ങിപ്പോയി. തംബിനപ്പുറത്തു നിന്നും വെള്ളതാടി വെച്ച ഒരു മുതബ കൂടി വന്നു. രണ്ടു പേരും പാകിസ്ഥാനികളാണ്.  5 കൊല്ലതിലധികായി ഇവിടെ വന്നിട്ട്. കുബ്ബൂസും മറ്റും അറബി കൊണ്ട് വന്നു കൊടുക്കും. ഇതിനിടയില്‍ മൂന്നു വട്ടം മാത്രമാണ് ടൌണില്‍ പോയിട്ടുള്ളത്. നാട്ടില്‍ പോകണമെന്ന് ഇപ്പോളും മോഹമില്ല. മാസം 600 റിയാല്‍ അറബി നാട്ടിലേക്കയച്ചു കൊടുക്കും. എന്റെ കണ്‍കളില്‍ നിറഞ്ഞ കണ്ണുനീര്‍ ആരും കണ്ടില്ലാ. മാസം വെറും 600  റിയാലിന് വേണ്ടി ആളും പാര്‍പ്പുമില്ലാത്ത ഏകാന്തതയുടെ തമ്പില്‍ വിരലിലെന്നാവുന്നതിനെക്കാലും ഒട്ടകങ്ങളുടെ കൂടെ.. സ്വന്തമായി ഒരു മൊബൈല്‍ ഫോണ്‍ പോലും കയ്യിലില്ലാതെ.. ഇവരാണ് യഥാര്‍ത്ഥ മെഴുകുതിരികള്‍..  പ്രിയപ്പെട്ടവര്‍ക്ക് ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ സമ്മാനിക്കാന്‍ സ്വയം ഏകാന്തയുടെ കൂറ്റാ കൂരിരുട്ടു ഏറ്റുവാങ്ങിച്ചവര്‍.  അകലെയുള്ളവര്‍ക്ക് മനുഷ്യരെപോലെ ജീവിക്കാന്‍ സ്വന്തം ജീവിതം മൃഗതുല്ല്യമാക്കുന്നവര്‍..  മാജിദും കാസ്സിമും.. ഞങ്ങള്‍ അവര്‍ക്കൊപ്പം ഫോട്ടോ എടുത്തു. സ്വന്തം ചിത്രം ആദ്യമായി കാണുന്നത് പോലെ അവര്‍ ആര്‍ത്തി പൂണ്ടു നോക്കി വെളുക്കെ ചിരിച്ചു. കാസിമിന്റെ മുഖം ലജ്ജ കൊണ്ട് താന്നു. ഒരു വൃത്തിയുള്ള സ്റ്റീല്‍ പാത്രത്തില്‍ നിറയെ വെളുവെളുത്ത പാല്‍ അവര്‍ അപ്പോള്‍ അവിടെ വെച്ച് കറന്നു തന്നു. സ്നേഹത്തിന്റെ മണം എന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ ഒട്ടകപ്പാലിന്റെ എന്ന് പറയും.. 2 ദിവസം മുന്‍പ് മാത്രം പ്രസവിച്ച വെളുത്ത ഒരു ഒട്ടകകുഞ്ഞു അവിടവിടെ ഓടിക്കളിച്ചു നടന്നു..  വണ്ടിയില്‍ നിന്നും 2 ബോട്ടിലുകള്‍ നിറയെ ഒട്ടപാല്‍ ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കായി മാറ്റി വെച്ചു. മുഹമ്മദ്‌ എന്റെ നിര്‍ദ്ദേശപ്രകാരം ഒരു 50 റിയാലിന്റെ നോട്ടെടുത്ത് സ്നേഹപൂര്‍വ്വം മുതബയുടെ കയ്യില്‍ വെച്ചു കൊടുത്തു. എന്റെ തെറ്റ്..  അടുത്ത നിമിഷം മുതബയുടെ മുഖം മാറി. വെളുത്ത പുരികക്കൊടിക്ക് താഴെ കണ്ണില്‍ കോപം ചെന്താമര വിരിയിച്ചു. 'സൌഹൃദത്തിനു  വില പറയുന്നോ' എന്നയാള്‍ ആക്രോശിച്ചു.. മുഹമ്മദ്‌ ഒരു പത്ത് വട്ടവെങ്കിലും മാലീസ് (ക്ഷമിക്കു) പറഞ്ഞു.  ഞങ്ങളെ ഹൃദയത്തോടെ ചേര്‍ത്ത് നിര്‍ത്തി ആ പാകിസ്താനി വൃദ്ധന്‍ പറഞ്ഞു നമ്മളെല്ലാം അല്ലാഹുവിന്റെ മക്കളാണെന്നു. ഇനിയും വരണമെന്ന്. ഇത്തവണ എന്റെ കണ്ണ് മാത്രമല്ല മുഹമ്മദിന്റെയും മാജിദിന്റെയും കാസ്സിമിന്റെയും കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.. അതിരുകളില്ലാത്ത മാനവ സ്നേഹത്തിന്റെ മാടപ്രാവുകള്‍ ഇന്നും ഈ ലോകത്തില്‍ നിലനില്‍ക്കുന്നു.  തമ്മില്‍ തമ്മില്‍ ഭയക്കുന്ന ആഗോളവത്കൃത നവസമൂഹത്തില്‍ സഹൃദയതിന്റെ വറ്റാത്ത ഉറവകള്‍ നിലക്കുന്നെയില്ലാ..
ആ ചെറിയ തമ്പും വലിയ മനുഷ്യരും കൂട്ടിന്നിരിക്കുന്ന കുറെ ഒട്ടകങ്ങളും പിന്നിട്ടു കിലോമീറ്ററുകള്‍ കഴിഞ്ഞിട്ടും ഞാനും മുഹമ്മദും ഒന്നും മിണ്ടിയില്ലാ. മാജിദിനോടും കാസ്സിമിനോടും ഒപ്പം പങ്കിട്ട ഒരു മണിക്കൂര്‍ ജീവിതത്തിലെ മനോഹര മുഹൂര്‍ത്തങ്ങളില്‍ ഒന്നാകുന്നു. ചില തിരിച്ചറിവുകള്‍ ജീവിതത്തെ കൂടുതല്‍ അര്‍ത്ഥമുള്ളതാക്കുന്നു..
ഇന്നും യാത്ര ചെയ്യുമ്പോള്‍ റോഡിന്നരികിലായി കാണുന്ന ചെറിയ തംബുകളിലെ മാജിദുമാരെയും കാസ്സിമുമാരെയും കുറിച്ച് ഞാന്‍ ചിന്തിക്കാറുണ്ട്. അവിടെ വിളയുന്ന നിര്‍മലമായ സഹജീവിവര്തിതത്തിന്റെ  വെളുത്ത പാലിനെ കുറിച്ച് ചിന്തിക്കാറുണ്ട്...
മാജിദ്... കാസിം... അസ്സലാമു അലൈക്കും......