"പുലയാട്ടു" എന്ന വാക്ക് എത്ര കണ്ടു അശ്ലീലമാണാവോ.. അത് എവിടെയെല്ലാം
പ്രയോഗിക്കാംഎന്നും എനിക്ക് നിര്‍വചിക്കാന്‍ സാധിക്കുമായിരുന്നില്ലാ.
കുറച്ചു പേര് കള്ളു കുടിച്ചോ അല്ലാതെയോ ഒരു പ്രത്യേക തരം ചടുല
സംഗീതത്തിനോടോത്ത് ഒരു തരം ഉന്മാദലഹരിയില്‍ നൃത്തം (നൃത്തം തന്നെയോ??)
ചെയ്യുന്നതിനെ അങ്ങിനെ വിളിക്കാമോ?? ഇല്ലെന്നു തന്നെ വെച്ചോളൂ... ഇന്ന്
വൈകീട്ട് എടവണ്ണയില്‍ മൂണ്‍സ് നഗര്‍ എന്ന് പേരിട്ട മൈതാനത്ത് നന്മയുടെ
പ്രവര്‍ത്തകര്‍ നടത്തിയ കലാരൂപത്തെ പുലയാട്ടു എന്ന് വിശേഷിപ്പിച്ചാല്‍ ആ
വാക്കിന്റെ തീവ്രത അല്പം കുറഞ്ഞു പോകുമോ എന്ന ഒരു സംശയം മാത്രമേ
ഇപ്പോഴുള്ളൂ. അത് മൂണ്‍സ് എന്ന കലാകാരനെ അനുസ്മരിക്കുന്നതിന് വേണ്ടി
യായിരുന്നു എന്ന് കേട്ടപ്പോഴാണ് തലക്കടിയേറ്റ പോലെ നിന്ന് പോയത്...
ചിത്രങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നുണ്ട്. നന്മക്കാര് ഒരു പക്ഷെ
മറന്നു പോയ ആ വാക്കിന്റെ അന്താര്‍ത്ഥം വാക്കിലും നോക്കിലും ജീവിതത്തിലും
പുലര്‍ത്തിയിരുന്ന ഒരു സാധാരണക്കാരനായ അസാധാരണക്കാരന് ആയിരുന്നു മൂണ്‍സ്.
താടിയും മുടിയും നീട്ടിവളര്‍ത്തി ബുദ്ധിജീവി ജാടകളുടെ മേല്ക്കുപ്പായമിട്ടു
രണ്ടു പേര് പിറുപിറുക്കുന്നു. മലപ്പുറത്ത് ഇത്തരം പരിപാടികള്‍
നടക്കില്ലെന്നു അവനാദ്യം തന്നെ പറഞ്ഞിരുന്നുവേത്രേ.. ഇതൊന്നും
അംഗീകരിക്കാന്‍ തക്ക സാംസ്കാരിക ഔന്നത്യം ഉള്ളവരല്ല ഇവിടത്തുകാരെന്നു. മൂണ്‍സ് എന്നും മാറ്റങ്ങള്‍ അംഗീകരിക്കുകയും സ്വയം മാറുകയും
ചെയ്തിരുന്നവനായിരുന്നെന്നു.. അത് പറഞ്ഞവന്റെ അടുത്ത സുഹൃത്ത്
ആയിരുന്നുവേത്രേ മൂണ്‍സ്. സൗഹൃദം കൊണ്ട് സ്നേഹത്തിന്റെ മഴവില്ല്
തീര്‍ത്തിരുന്ന മൂണ്‍സിന്റെ ഒരു മഹാ അബദ്ധം ആയിരിക്കണം ഇവന്. ഫ്യുഷന്
എന്ന മ്യുസികല്‍ കണ്‍സെപ്റ്റിനോട് ഒരു പ്രത്യേക വിരോധമൊന്നും എനിക്കില്ല.
ഒരു തരത്തില്‍ ആലോചിക്കുമ്പോള്‍ മൂണ്സിനും സ്വീകാര്യമാകാവുന്ന ഒന്ന്
തന്നെയാകണം അത്. പക്ഷെ ആ കണ്സേപ്ടിന്റെ പേരില്‍ ബാര്‍ ഡാന്‍സ് സംഘടിപ്പിച്ച
നന്മയുടെ സംസ്കാരിക പ്രബുദ്ധതയെ എങ്ങനെ അഭിസംബോധന ചെയ്യണം എന്നാണു ഞങ്ങള്‍ക്ക്
അറിയില്ലായിരുന്നത്."What the Fuckkkk" എന്ന ഗാന വരികളും അതിനനുസരിച്ച് നൃത്തമാടിയരുടെ ഉയര്‍ത്തിപ്പിടിച്ച കൈകളിലെ അശ്ലീലതയുടെ "ആകാശമുദ്ര"യും "നന്മ"ക്കു മഹാനായ മൂണ്‍സ് ചന്ദ്രന് നല്കാവുന്ന ഏറ്റവും മഹത്തായ ആദരാജ്ജലിയായിരിക്കണം...
ആ പരിപാടി അലങ്കോലാമാക്കണം എന്ന് ആര്‍ക്കും ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ല. ഇത്തരം പരിപാടികള്‍ എടവണ്ണയുടെ സാംസ്കാരിക പെരുമ ഉയര്‍ത്തുമെങ്കില്‍ ആര്ക്കെന്തുണ്ട് ചേതം. ആ സ്റ്റേജില്‍ സ്ഥാപിച്ചിരുന്ന മൂണ്‍സിന്റെ ചിത്രം മറച്ച ശേഷം ആ തെരുക്കൂത് തുടരാമായിരുന്നു. ഇങ്ങനെ ഒരു കാരണം കിട്ടാന്‍ വേണ്ടിത്തന്നെയാണ് ഞങ്ങളും നിന്നത് എന്ന ഭാവത്തില്‍ സംഘാടകര്‍ അത് നിര്‍ത്തിയതായി പ്രഖ്യാപിക്കുകയായിരുന്നു.
നന്മയിലെ ഉത്തരാധുനികരും സംസ്കാര കളേബരന്മാരും അടുത്ത വര്‍ഷം ഞങ്ങള്‍ ഈ മലപ്പുറത്തെ ആട്ടിന്‍ പറ്റങ്ങള്‍ക്ക് പരിചയമില്ലാതെ മാറുന്ന ലോകത്തിന്റെ തെരുവ്-കാബറെയോ അതുപോലുള്ള വേറെയും പുതുക്കാഴ്ച്ചകളെ പരിചയപ്പെടുത്താന്‍ മറക്കില്ല എന്ന പ്രതീക്ഷയോടെ അടുത്ത മൂണ്‍സ് അനുസ്മരണതിനായി കാത്തിരിക്കുന്നു...
ഞാന്‍ എന്ന കിണറ്റിലെ തവളയ്ക്ക് സമര്‍പ്പിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയ ഈ സ്നേഹമന്ത്രണം മാത്രമേ ഇന്നും ഉള്ളൂ.. ഓര്‍മകളുടെ പൂനിലാവു - മൂണ്‍്സ്
സ്റ്റേജിലിരുന്നു രണ്ടു പേര് സിഡി പ്ലയെരില് നല്ല ബീറ്റ് ഉള്ള പാട്ട് വെക്കും. ഒരുത്തന് മിക്ഷ്ക്ഷെരിന്ടെ മുന്നില്‍ നിന്ന് ഇയര്‍ഫോണ്‍ വെച്ച് ഡാന്‍സ് കളിക്കും.
അതിനനുസരിച്ച് ഗ്രൗണ്ടില്‍ കുറച്ചു പേര് വിവിദ വര്‍ണ്ണങ്ങളില്‍ മിന്നിമറയുന്ന അരണ്ട വെളിച്ചത്തില്‍ ഉന്മാദലഹരിയില്‍ ചുവടു വെക്കുന്നു..അവര്‍ക്ക് പിറകില്‍ കാഴ്ചക്കാരായി ഒരു പത്തിരുപതു പേരും..
എന്റെഒരു സുഹൃത്ത് അവന്റെ കുടുംബത്തെയും കൊണ്ട് വന്നിരുന്നുവേത്രേ നൃത്തം മുറുകിയപ്പോള്‍ പത്തു രൂപ ഓട്ടോക്ക് കൊടുക്കേണ്ടത് നോക്കിയില്ല അവരെ അവിടെ നിന്നും കടത്തി എന്ന് പറഞ്ഞു.
സഹനശേഷിയുടെ നെല്ലിപ്പലകയും കടന്നപ്പോള്‍ മൂണ്‍ സിന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ പടം സ്റ്റേജില്‍ നിന്നും മറച്ചു.




