Saturday, June 25, 2011

ചാലിയാറും കുറെ മീനുകളും


എന്‍റെ സുഹൃത്ത്‌ സുനില്‍ ബാബു ഫൈസ്ബൂക്കില്‍ പങ്കിട്ട ഒരു പടമാണ് പ്രചോദനം. ഒരു വലിയ മീനിന്‍റെ പടം‍. അതിലെന്തിത്ര അത്ഭുതപ്പെടാന്‍ എന്ന് ചിന്തിക്കണ്ട. ആ മീന്‍ വഴിതെറ്റി വന്നത് ചാലിയാറില്‍!. അപ്പോള്‍ അതില്‍ ചിലതെന്തോ ഇല്ലേ. ഊര്‍ദ്ധശ്വാസം വലിക്കുന്ന ചാലിയാറിന്റെ നെഞ്ചകത്ത് വിരുന്നു പാര്‍ക്കാന്‍ വന്ന വിദേശി. അത്രയെ വിശേഷിപ്പിക്കാനാവൂ ആ കൂട്ടുകാരനെ. ടാണയിലെ ഫാക്ടറികളില്‍ നിന്നുറന്നോഴുകുന്ന മലിനജലം, ടാണയില്‍ നിന്നും മാത്രമല്ല, കിതചൊഴുകുന്ന കൈവഴികളില്‍ എവിടങ്ങളിലെല്ലാം തന്നെ കാത്തിരിക്കുന്ന വിഷസഞ്ചികളെ സ്വാംശീകരിചായിരിക്കാം എന്‍റെ പുഴ ഒഴുകുന്നത്‌. പണ്ട് സഹ്യസാനുക്കളുടെ തലോടലേറ്റു പ്രകൃതിരമണീയതയുടെ അത്ഭുതലോകത്തിലൂടെ വിടര്‍ന്ന കണ്ണുകളുമായി അമ്മയോടണയാന്‍ വെമ്പലില്ലാതെ ഒഴുകിയിരുന്ന പുഴയല്ല ഇന്ന്‍. നെഞ്ചില്‍ നൂറ്റാണ്ടുകളായി കാത്തു വെച്ചിരുന്ന സ്വപ്നങ്ങളത്രെയും സ്വര്‍ണ്ണങ്ങളെന്നു പറഞ്ഞു മുലപ്പാല്‍ കുടിച്ചു വളര്‍ന്ന മക്കള്‍ തന്നെ കവര്‍ന്നെടുത്തു. മക്കളെ പോലെ കരുതിപോറ്റിയ മീനുകളും തവളകളും പിന്നെ പേരുപോലുമറിയാത്ത  പുഴയോളം തന്നെ വരുന്ന പുഴത്താറുകളും അങ്ങനെ കണ്ണില്‍ കണ്ടതെല്ലാം മുടിയനായ പുത്രന്‍റെ വയറുനിറക്കാന്‍ കാണിക്കവെച്ചു. എന്നിട്ടും കൊതിതീരാതെ കീറിമുറിച്ചും കവര്‍ന്നെടുതും തടയണകെട്ടിയും  ഗതിമാറ്റിയും എന്തെന്നും എന്തിനെന്നും അറിയാതെ അവന്‍ തുടരുക തന്നെയാണ്. മരണവിധി നല്‍കിയിട്ടും നിര്‍ത്താത്ത പീഡനം.

നിറയെ മീനുകളുമായി  മഴക്കാലം ഒരു വസന്തമായിരുന്നു പണ്ട്. പിന്നെ പിന്നെ മീനുകളില്ലാതെയായി. വാളയും കൊയാട്ടിയും വരാലും ഒരു സ്വപ്നം മാത്രമായി. കല്ലാങ്കാരിയും പൂസ്സാനും ചെള്ളിയും പരലുകളും മാത്രം എപ്പോഴെന്കിലുമായി വിരുന്നുകാരെ പോലെ വന്നു പോയി. തോടില്‍ മുളകൊണ്ടും ഓലകൊണ്ടും തടയണ കെട്ടി തൊട്ടടുത്തെ പാടതിലൂടെ വെള്ളം തിരിച്ചു വിട്ടു കുണ്ടുകണ്ടത്തിലേക്ക്  വെള്ളം ചാടിച്ചു കണ്ണിമ ചിമ്മാതെ കാത്തിരിക്കും. ചെറിയ മീനുകളില്‍ തുടങ്ങി വലിയ മീനുകള്‍ വരെ ചാടാന്‍ തുടങ്ങും. താഴത്തു കുണ്ടുകണ്ടത്തില്‍ വെള്ളം വീണുയുണ്ടായ ചെറിയ കുഴിയിലേക്ക് ചാടുന്ന വെള്ളത്തെ തോല്‍പ്പിക്കാന്‍ എന്നവണ്ണം മുകളിലോട്ടു. ഇങ്ങനെ മീന്‍ ചാട്ടം ഉഷാറാകുമ്പോഴാണ് മീന്‍ പിടിക്കുക. ഞങ്ങളതിനെ വാര്‍ത്തു മീന്‍ പിടിക്കുക എന്നാണു പറയുക രണ്ടു മൂന്നു പേര്‍ കുണ്ടുകന്ടത്തില്‍ നിന്നും ചാലിട്ടൊഴുകുന്ന വെള്ളത്തില്‍ താഴെ വല പിടിക്കും. മുകളില്‍ ഒരു മരപ്പലക വെച്ച് വെള്ളം തടയും. അപ്പോള്‍ മീന്കള്‍ തിരിച്ചു താഴേക്ക്‌ തന്നെ പായും. ആ മീനുകള്‍ വലയില്‍ തടയും. അത് കഴിഞ്ഞാല്‍ പിന്നയും മണികൂറോളം കാത്തിരിപ്പ്‌. അങ്ങിനെ  നേരം വെളുക്കും വരെ. പരപരാ വെളുത്തുതുടങ്ങുമ്പോള്‍ വീതം വെപ്പ്. എല്ലാവര്ക്കും തുല്യ ഓഹരി. കയ്യില്‍ അഞ്ചോ ആറോ കിലോ മീനുമായി വീട്ടിലേക്കു കയറിച്ചെല്ലുമ്പോള്‍ മനസ്സില്‍ ആഹ്ലാദം തിരതല്ലും.


ഒരിക്കല്‍ ഒരു മഴക്കാലത്തെ തെളിഞ്ഞ പ്രഭാതത്തില്‍ കുളിക്കാന്‍ തോട്ടിലെതിയപ്പോള്‍ കണ്ടു ഒരു ചെറിയ ആള്‍ക്കൂട്ടം. മരണ വീടിലെ പോലെ അടക്കിപ്പിടിച്ച സംസാരങ്ങള്‍. അടുത്തെത്തിയപ്പോള്‍ മൂക്ക് തുളക്കുന്ന നാറ്റം. വെള്ളത്തിലേക്ക്‌ ഒരു വട്ടം നോക്കിപ്പോഴേക്കും കണ്ണ് പിന്‍വലിച്ചു. മനസ്സില്‍ കൊടുവാള് കൊണ്ട് വെട്ടേറ്റ പോലെ വേദന. കണ്ണില്‍ നിറയുന്ന നനവ്‌. കാഴ്ചയെ കണ്ണീരിന്റെ നേര്‍ത്തപാളികള്‍ പാതി മറച്ചു. വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന നൂറു കണക്കിന് ശവങ്ങള്‍. മീനുകള്‍, തവളകള്‍, നീര്‍ക്കൊലികള്‍, പിന്നെ പേരറിയാത്ത പലതും... അമ്മമാര്‍ അച്ഛന്മാര്‍ കുട്ടികള്‍ കടലമണിയോളം പോലും വലുപ്പമില്ലാതെ ചെറിയ ജാലങ്ങള്‍... എല്ലാത്തിനും വെള്ള നിറം. ഞങ്ങള്‍ കെട്ടിയുണ്ടാക്കിയ തടയണ ശവങ്ങളടിഞ്ഞു നിറഞ്ഞിരിക്കുന്നു. രാത്രി ആരോ നഞ്ചു കലക്കിയാതാണ് അവിടെയുള്ളവരാരും ആകില്ല അതുറപ്പാണ്. ഇന്നും മായാതെ നില്‍ക്കുന്ന കാഴ്ച. അന്ന് നെഞ്ചേറ്റ മുറിവിന്റെ വേദന ഇതെഴുതുമ്പോള്‍ പിന്നെയും... പിന്നെ ഞാനാ തോടില്‍ മീന്‍ പിടിച്ചിട്ടില്ല. അതിനു ശേഷം ആര്‍ക്കും അവിടെ ഒരു കൈക്കുമ്പിളില്‍ കൂടുതല്‍ മീന്‍ കിട്ടിയിട്ടില്ലാ.

ശവതീനികള്‍.. അവര്‍ ഒന്നിനെയും ബാക്കി വെക്കുന്നില്ല. അവര്‍ ഇന്നില്‍ ജീവിച്ചു മരിക്കുന്നവരാണ്. നാളേക്ക് വേണ്ടിയും മക്കള്‍ക്ക്‌ വേണ്ടിയും കരുതാന്‍ ഞങ്ങളുടെ പിന്‍മുറക്കാര്‍ ഞങ്ങളെ ഏല്‍പ്പിച്ചത് ഞങ്ങള്‍ ഞങ്ങളുടെ മക്കള്‍ക്കായി കൂടി  കരുതിവെക്കുകയായിരുന്നു. ഞങ്ങളുടെ മക്കള്‍ ഇനി വാര്‍ത്തു മീന്‍ പിടിക്കില്ല. വാളയും മുഴുവും കൊയാട്ടിയും എല്ലാം ഇനി കഥകള്‍ മാത്രമായി അവശേഷിക്കും. ഇന്ന് വാര്‍ത്തു മീന്‍ പിടിക്കാന്‍ കുണ്ട്കണ്ടമില്ല അവിടെ പഞ്ചായത്ത് കുളം കുത്തി. മുളയും ഓലയും കൊണ്ട് തടയണ കെട്ടിയ സ്ഥലത്തു കോണ്‍ക്രീറ്റ് തടയണ ഉയര്‍ന്നു. തോട് മുഴുവന്‍ രണ്ടു ഭാഗത്തും സിമെന്റിട്ടു കെട്ടി വെച്ചിരിക്കുന്നു. തോട് ഒരു അരിച്ചാല് പോലെ ശുഷ്കിച്ചു ആണ്ടില്‍ ഭൂരിഭാഗവും ജല സമ്പന്നമായ ഒരു ഭൂതകാലം അയവിറക്കി കഴിയുന്നു.., തൊണ്ട നനക്കാന്‍ പോലും വെള്ളം കിട്ടാതെ...

 തോടും പുഴകളും പാടവും മലകളുമെല്ലാം നമ്മള്‍ നമുക്കിഷ്ടം പോലെ ഇടിച്ചു നിരത്തിയും മണ്ണിട്ട്‌ പൊന്തിച്ചും കുളം കുത്തിയും നശിപ്പിച്ചു. തെച്ചിയും തുമ്പയും കുറുംതോട്ടിയും കുളക്കോഴിയും എല്ലാം മണ്മറഞ്ഞു. ഇന്ന് നമ്മള്‍ മാത്രമായി.. തനിചാകുന്നതില്‍ നാം സന്തോഷം കണ്ടെത്താന്‍ പഠിച്ചു. മതിലുകള്‍ കെട്ടി അയല്‍ക്കാരെ വേര്‍തിരിച്ചു. കാടും മരങ്ങളും പൂക്കളും കാണാന്‍ വീട്ടില്‍ LED TV വെച്ച് കൊടുത്തു. മണ്ണില്‍ കളിച്ചു രോഗം പിടിപെടാതിരിക്കാന്‍ മുറ്റം മുഴുക്കെ സിമെന്റിട്ടു. അങ്ങിനെയങ്ങിനെ....

നമുക്ക് ലഭിച്ചതോന്നും നമ്മുടെ മക്കള്‍ക്ക്‌ കിട്ടരുതെന്നു നാം വാശി പിടിക്കുന്നു. നമ്മള്‍ ആസ്വദിച്ചതോന്നും അവര്‍ ആസ്വദിക്കരുത് എന്നും. നമ്മള്‍ എല്ലാത്തിനും മരണവിധിയെഴുതുന്ന തിരക്കിലാണ്.. നമ്മളറിയുന്നില്ലാ നമ്മളെഴുതുന്നത് നമ്മുടെ തന്നെ വിധിയെന്ന്...

Monday, May 2, 2011

സമാധാനത്തിലേക്ക് ഇനിയെത്ര യുദ്ധങ്ങള്‍ കൂടി...?

എന്റെ ചില സുഹൃത്തുക്കളുടെ ചില പ്രതികരണങ്ങളാണ് ഈ നോട്റെഴുതാന്‍ പ്രേരകമായത്. അമേരിക്ക ബിന്‍ ലടെന്‍ കൈ കാര്യം ചെയ്ത രീതിയും ഇന്ത്യ കസബിനെ കൈകാര്യം ചെയ്യുന്ന രീതിയും തമ്മില്‍ താരതമ്യം ചെയ്തു കൊണ്ടുള്ള ചില പ്രതികരണങ്ങളില്‍ അമേരിക്കയുടെ ധീരതയെ പുകഴ്ത്തിക്കൊണ്ടും ഇന്ത്യയുടെ ഭീരുത്വത്തെ  ഇകഴ്ത്തിക്കൊണ്ടും ആയിരുന്ന അവയെല്ലാം. തീവ്രവാദത്തെ തീവ്രവാദം കൊണ്ട് തന്നെ നേരിടണം എന്നാ ചിന്താ ധാര വളര്‍ത്തി കൊണ്ട് വരാന്‍ കൊണ്ട് പിടിച്ചു ശ്രമിച്ചു കൊണ്ടിരിക്കുന്ന ആഗോള-പ്രാദേശിക വര്‍ഗ്ഗീയ മൂലധന ശക്തികളുടെ സ്വാധീനം എല്ലാ പ്രതികരണങ്ങളിലും നിറഞ്ഞു കണ്ടു. ഇന്ത്യ അമേരിക്കയെ കണ്ടു പഠിക്കണമെന്നും ശത്രുവിനെ നേരിടുമ്പോള്‍ യാതൊരു ധാര്‍മിക മൂല്യവും വെച്ച് പുലര്തെണ്ടാതില്ല എന്നും താമസം വിനാ ശിരച്ചെദം ചെയ്യുക തന്നെയാണ് വേണ്ടതെന്നും തന്നെയാണ് സാരം. ചരിത്രത്തില്‍ ഇന്നേ വരെ മാനുഷിക മൂല്യങ്ങള്‍ക്ക് ഒരു പുല്‍ക്കൊടിയുടെ വിലപോലും കല്പ്പിക്കാതവരാണ് അമേരിക്ക എന്ന സമാധാന സന്നഗ്ധ സേന. യുദ്ധമുഖതായാലും ധാര്‍മിക മൂല്യങ്ങള്‍ ഉയര്തിപ്പിടിക്കണമെന്നു പാടി പഠിപ്പിച്ച ഒരു മഹാസംസ്കാരം അഭിമാനത്തോടെ ഉയര്തിപ്പിടിക്കുന്നവരാണ്  ഇന്ത്യക്കാര്‍. അത് കൊണ്ട് തന്നെ എന്ത് തെറ്റിന്റെ പേരിലായാലും ഒരാള്‍ പോലും വിചാരണക്കവസരം ലഭിക്കാതെ വേട്ട മൃഗങ്ങളെ  പോലെ കൊല ചെയ്യപ്പെടുന്നത് നമ്മുടെ സംസ്കാരത്തിന് ഭൂഷണമല്ലാ... അമേരിക്ക ചെയ്തത് ധാര്‍മികതയല്ല തന്നെ..  സെക്യൂരിറ്റി പേരിനു പോലും ഇല്ലാത്ത ഒരു കെട്ടിടത്തില്‍ നിന്ന് പൂച്ചക്കുട്ടിയെ കഴുത്തിന്‌ പിടിച്ചു പുറത്തു കൊണ്ട് വരാമായിരുന്ന  ലാദനെ, ഒരു മഹായുദ്ധം നടത്തി ആ കെട്ടിടം മുഴുവന്‍ നിലംപോതിച്ചു കൊന്നു എന്ന് അവകാശപ്പെടുന്നത് പോലുള്ള ഒരു ഭീരുതതിനെ ഒരിക്കലും മഹത്വവല്ക്കരിക്കരുത്. ലോക രാഷ്ട്രങ്ങളുടെ സമ്മര്‍ദ്ദമിലായിരുന്നുവെങ്കില്‍ സദ്ദാം ഹുസ്സൈനെയും ഇവര്‍ ഇങ്ങനെ തന്നെ കൊന്നു കടലില്‍ തള്ളിയേനെ. വിചാരണ ചെയ്യാന്‍ തീരുമാനിച്ചിട്ടുപോലും സദ്ദാമിന്റെ അഭിഭാഷകരെ വശീകരിച്ചും ഭീഷണിപ്പെടുത്തിയും ചീഞ്ഞ പൊറാട്ട് നാടകം നടത്തിയത് നമ്മളാരും മറന്നു കാണാന്‍ ഇടയില്ല.
ഇന്ത്യയുടെ മണ്ണില്‍ ഭീകരത ആസൂത്രണം ചെയ്ത ഹെട്ളിയെ വിട്ടു കിട്ടണമെന്ന് നമ്മള്‍ ആവശ്യപ്പെട്ടപ്പോള്‍ അമേരിക്കയുടെ മണ്ണില്‍ വെച്ചാണ് അയാള്‍ അത് ചെയ്തതെന്ന കാരണം പറഞ്ഞു നിഷേധിച്ച അമേരിക്ക, അഫ്ഗാനെ ആക്രമിച്ചത് ഒസാമയെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് . ധാര്‍മികതയും നീതി ന്യായ വ്യവസ്തയുമെല്ലാം സ്വന്തം ആവശ്യങ്ങള്‍ക്കും ഇച്ചകള്‍ക്കും വിധേയമായി വളച്ചൊടിക്കുകയും തിരുത്തുകയും ചെയ്യുന്ന അമേരികായല്ല, ജനാധിപത്യ-മാനുഷിക മൂല്യങ്ങളെ വാനോളം ഉയര്പ്പിടിക്കുന്ന ഇന്ത്യയുടെ സംസ്കാരം തന്നെയാണ് മഹാതായത്. ഒരു ജീവനെ തന്നിഷ്ടപ്രകാരം വെടി വെച്ച് കൊല്ലുന്നതല്ലാ, അതാതു രാജ്യങ്ങളിലും ആഗോളതലത്തിലും നിലനില്‍ക്കുന്ന ജനാധിപത്യ- മാനുഷിക മൂല്യ്ങ്ങല്‍ക്കനുസരിച്ചു തന്നെയായിരിക്കണം ഏതൊരു മനുഷ്യനെയും - അവന്‍ ഭീകരനായിക്കോട്ടേ വിപ്ലവകാരിയായിക്കോട്ടേ - വിചാരണ  ചെയ്യേണ്ടതും ശിക്ഷിക്കെണ്ടതും.... ഇന്ത്യ ഒരു മാതൃകയാണ്.. ലോക രാജ്യങ്ങള്‍ക് കണ്ടു പഠിക്കാനുള്ള ഒരു സംസ്കാരമാണ്. അതില്‍ നാം അഭിമാനിക്കുകയെ വേണ്ടൂ.... ജയ്‌ ഹിന്ദ്‌.



Wednesday, March 23, 2011

മരുഭൂമിയിലെ പച്ചപ്പ്‌...


അവിചാരിതമായാണ് ഇങ്ങനെ ഒരിടതെതിയത്. നിനക്കാതിരുന്നപ്പോള്‍ ഉണ്ടായ ഒരു അപ്കൈക് യാത്ര. എന്റെ കമ്പനിയുടെ അറേബ്യന്‍ ഗോടൌണിലേക്ക്. കൂട്ടിന്നു എന്റെ പ്രിയപ്പെട്ട കെനിയന്‍ സുഹൃത്ത്‌ മുഹമ്മദും. അതിരസകരമായ വാചാലമായ യാത്രയായിരുന്നു അത്. ഞങ്ങള്‍ക്കിടയില്‍ ഒരിക്കലും വിഷയങ്ങള്‍ അവസാനിച്ചതെ ഇല്ലാ. 'പഞ്ചാരമണല്‍-സമുദ്രം' എനിക്ക് ആദ്യത്തെ അനുഭവമാണ്. സൌദിയില്‍ 4 വര്‍ഷങ്ങള്‍ ഞാന്‍ അതിജീവിചിടും ' തരിചെടുത്ത റവ' പോലുള്ള മണല്‍ പരപ്പിലൂടെ ഞാന്‍ ഇന്നേ വരെ നടന്നിട്ടില്ലാ. അടുത്ത അങ്ങാടി  160  കിലോമീറ്റര്‍ അകലെയായിരുന്നിട്ടും, കണ്‍വെട്ടതിലെവിടെയെങ്കിലും  ഒരു ചെരുമരം പോലും കാണാന്‍ കഴിയാത്ത മൊട്ടയടിച്ച മരുഭൂമിയുടെ  ഒരു ഏകാന്ത തുരുത്തില്‍ നീണ്ട 2 വര്‍ഷങ്ങള്‍ തള്ളിനീക്കിയിടും എനിക്ക് സിനിമകളില്‍ കണ്ടിരുന്ന മരുഭൂമി അനുഭവേദ്യമായിരുന്നില്ലാ..  ഞാന്‍ കണ്ടിരുന്നതത്രയും മണ്‍ഭൂമിയായിരുന്നു.. ഒരു പുല്‍ക്കൊടിക്ക് പോലും ജന്മം നല്‍കാന്‍ വിധിയില്ലാതെ വരണ്ട ഗര്‍ഭപാത്രം.. പണ്ടൊരിക്കല്‍ മരുഭൂമി കാണിച്ചു തരുമോ ചോദിച്ചപ്പോള്‍ എന്റെ സുഹൃത്ത്‌  ഇവിടെ ഇന്ന് 5 മണികൂര്‍  യാത്ര ചെയ്താലേ അവിടെയെതൂ എന്ന് പറഞ്ഞു പിന്തിരിപിച്ചു.. തലയില്‍ രണ്ടു കൊമ്പുള്ള ചൈനീസ് വ്യാളികളെ ഓര്‍മിപ്പിക്കുന്ന പമ്പുകളും വലിയ ഓന്തുകളും തേളുകളൂമൊക്കെ  പതിയിരിക്കുന്ന മനോഹരമായ മരുഭൂമി.  ഏതു നിമിഷവും വീശിയടിക്കാവുന്ന പൊടിക്കാറ്റ് സ്ഥലകാലബോധത്തെ അങ്കലാപ്പിക്കുന്ന മണല്‍ക്കാട്.  അധികം ചിലവഴിക്കാന്‍ സമയ പരിമിധി അനുവദിചില്ലെങ്കിലും നാട്ടില്‍ മംമൂട്ടികാക്കയുടെ പീടികത്തിണ്ണയില്‍ കൂടിയിരിക്കുമ്പോള്‍ പറഞ്ഞു ബോറടിപ്പിക്കാന്‍ ഒരു മണല്കാടിന്റെ കഥയും കൂടെ കരുതി ഞാന്‍.

സൗദി അറേബ്യ യില്‍ വേറെ എവിടെയും സ്ഥലം കിട്ടാഞ്ഞിട്ടാകണം ഈ പട്ടിക്കാടില്‍. വളച്ചു കെട്ടിയ 2  ഏക്കറില്‍ നിറയെ disposable accommodation container കളും പ്രോജെച്ടുകളില്‍ നിന്നും ഒഴിവാക്കിയ യന്ത്ര സാമഗ്രികളും മറ്റു  വസ്തുക്കളും. അതു കാത്തുകെട്ടിക്കിടക്കുന്ന  എട്ടുപത് ജീവനുകളും.. അവരില്‍ 3 മലയാളികളും ഉണ്ടായിരുന്നു. 3G യെങ്കിലും ഉണ്ടായിരുന്നെങ്കില്‍ മനസമാധാനത്തോടെ വീട്ടിലേക്കു കുറച്ചു സമയം സംസാരിക്കുകയെങ്കിലും ആകാമായിരുന്നുവെന്നു അലികാക്ക പറയുന്നു.  ഒരു വലിയ റൂമില്‍ അട്ടിയിട്ടിരിക്കുന്ന കംപ്യൂട്ടെറുകളും  മറ്റു അനുബന്ധ വസ്തുകളും. അവയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിവുള്ള മൂന്നുനാലെണ്ണം എടുത്തു വൃത്തിയാക്കി ഞങ്ങള്‍ യാത്ര തിരിച്ചു.

വരുന്ന വഴിക്ക് മുഹമ്മദിന് ഒട്ടകപാല്‍ കുടിക്കാനൊരു പൂതി. എന്നോട് അനുവാദം ചോദിച്ചു. ഞാനെന്തു പറയാന്‍. യാത്ര ചെയ്യുമ്പോള്‍ റോഡിനു കുറച്ചു മാറി വേലികെട്ടി മറച്ച ചെറിയ കൂട്ടിനകത്ത്‌ ഒട്ടകങ്ങളെ ഇട്ടിരിക്കുനത് പണ്ടും ഞാന്‍ കണ്ടിട്ടുണ്ട്. അടുത്ത് പോകാന്‍ പേടിയായിരുന്നു. വരണ്ട ഭൂമിയില്‍ വലിയൊരു കാലം കത്തുന്ന സൂര്യന്റെ താഴെ ഒട്ടകങ്ങളെ മേച്ചു ജീവിക്കുന്നവര്‍, ഒരിക്കല്‍ പോലും ഗള്‍ഫിന്റെ വര്‍ണ്ണാഭമായ നഗരങ്ങളിലേക്ക് കണ്ണും കാലും കുതാത്തവര്‍. ആഞ്ഞു വീശുന്ന മണല്‍കാറ്റിനെ മുഖത്തിട്ട തുണികൊണ്ടും രാത്രി രണ്ടു കമ്പിന്മേല്‍ നാട്ടിയ ചെറിയ തുണികൂടാരം കൊണ്ടും പ്രതിരോധിക്കാന്‍ ശ്രമിക്കുനവര്‍. ജീവിക്കുകയല്ല അതിജീവിക്കുന്നവരാണവര്‍. അങ്ങനെയുള്ളവര്‍ക്ക് a/c യില്‍ നിന്നിറങ്ങിയാല്‍ a/c യിലേക്ക് കയറുന്ന മണല്കാടും കാറ്റും ആലിപ്പഴ വര്‍ഷവും ഒക്കെ അടച്ചിട്ട ജനലിനപ്പുറത്തെ മറ്റൊരു ലോകത്തിരുന്നു കൌതുകത്തോടെ കാണുന്നവരോട് വെറുപ്പാണെന്നു ഞാന്‍ കേട്ടിട്ടുണ്ട്. ഒട്ടകത്തെ കണ്ടു വണ്ടി നിര്‍ത്തി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചാല്‍ കയ്യിലുള്ള വടികൊണ്ടടിക്കുമെന്നും എറിയുമെന്നും അരക്ക് പിന്നില്‍ കൊളുത്തി വെച്ച തോക്കെടുത്ത് പൊട്ടിക്കുമെന്നും  ഒക്കെ ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു.

ചെറിയ പേടി എന്നെ വേട്ടയാടി, മുഹമ്മദ്‌ നമുക്ക് ഒട്ടകപ്പാല്‍ കുടിച്ചാലോ എന്ന് ചോദിച്ചപ്പോള്‍.. മൌനിയായിരുന്ന എന്നോട് പേടിയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ പക്ഷെ ഞെട്ടിയുണര്‍ന്നു 'ഹേ ഇല്ലാ' എന്നാണു ഞാന്‍ പറഞ്ഞത്. നമുക്ക് പോയി നോക്കാം എന്ന് പറഞ്ഞു മുഹമ്മദ്‌ റോഡില്‍ നിന്നും മരുഭൂമിയിലേക്ക് വണ്ടി തിരിച്ചു. ഒരു 2 കിലോമീറ്റര്‍ അകലെ ചെറിയ ഒരു തമ്പ് കേട്ടിയുയര്തിയിട്ടുണ്ട്. അതിന്റെ അടുത്ത് തന്നെ വേലി കെട്ടി തിരിച്ച കൂടിനകത്ത്‌ ഒരുപാട് ഒട്ടകങ്ങള്‍.. ആ തംബിനുള്ളിലെ അറബിയെ കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു.  ഒരു കത്തിയുടെയോ തോക്കിന്റെയോ മുനയില്‍ നിര്‍ത്തി കയ്യിലുള്ളതെല്ലാം കൊള്ളയടിച്ചു രണ്ടും കൊട്ടും തന്നു വണ്ടി  വിടാന്‍ പറയുമോ എന്ന് എനിക്ക് വല്ലാത്ത ഭയം തോന്നി.

അടുതെതിയപ്പോള്‍ ഒരാള്‍ തംബിനടുത്തു നിന്നും പതുക്കെ എണീച്ചു വരുന്നത് കണ്ടു. ഞങ്ങള്‍ വണ്ടിയില്‍ നിന്നിറങ്ങി അടുത്തേക്ക് നടന്നു. ഒരു മൊബൈല്‍ ഫോണ്‍ വണ്ടിയില്‍ തന്നെ വെച്ചു. മറ്റൊന്ന് കയ്യിലെടുത്തു, ഫോട്ടോ എടുക്കാന്‍.  മുഷിഞ്ഞ വേഷം; വെള്ളം കണ്ടിട്ട്  കാലങ്ങളായിരിക്കും. അയാള്‍ക്കടുതെതി ഞങ്ങള്‍ അസ്സലാമു അലൈക്കും പറഞ്ഞു. സൌഹൃദത്തിലേക്കുള്ള  ആദ്യത്തെ ചൂണ്ട. തുടര്‍ന്ന് സംസാരിക്കുംതോറും എന്നെ ബാധിച്ച ഭയം പതുക്കെ പതുക്കെ പടിയിറങ്ങിപ്പോയി. തംബിനപ്പുറത്തു നിന്നും വെള്ളതാടി വെച്ച ഒരു മുതബ കൂടി വന്നു. രണ്ടു പേരും പാകിസ്ഥാനികളാണ്.  5 കൊല്ലതിലധികായി ഇവിടെ വന്നിട്ട്. കുബ്ബൂസും മറ്റും അറബി കൊണ്ട് വന്നു കൊടുക്കും. ഇതിനിടയില്‍ മൂന്നു വട്ടം മാത്രമാണ് ടൌണില്‍ പോയിട്ടുള്ളത്. നാട്ടില്‍ പോകണമെന്ന് ഇപ്പോളും മോഹമില്ല. മാസം 600 റിയാല്‍ അറബി നാട്ടിലേക്കയച്ചു കൊടുക്കും. എന്റെ കണ്‍കളില്‍ നിറഞ്ഞ കണ്ണുനീര്‍ ആരും കണ്ടില്ലാ. മാസം വെറും 600  റിയാലിന് വേണ്ടി ആളും പാര്‍പ്പുമില്ലാത്ത ഏകാന്തതയുടെ തമ്പില്‍ വിരലിലെന്നാവുന്നതിനെക്കാലും ഒട്ടകങ്ങളുടെ കൂടെ.. സ്വന്തമായി ഒരു മൊബൈല്‍ ഫോണ്‍ പോലും കയ്യിലില്ലാതെ.. ഇവരാണ് യഥാര്‍ത്ഥ മെഴുകുതിരികള്‍..  പ്രിയപ്പെട്ടവര്‍ക്ക് ജീവിതത്തിന്റെ വര്‍ണ്ണങ്ങള്‍ സമ്മാനിക്കാന്‍ സ്വയം ഏകാന്തയുടെ കൂറ്റാ കൂരിരുട്ടു ഏറ്റുവാങ്ങിച്ചവര്‍.  അകലെയുള്ളവര്‍ക്ക് മനുഷ്യരെപോലെ ജീവിക്കാന്‍ സ്വന്തം ജീവിതം മൃഗതുല്ല്യമാക്കുന്നവര്‍..  മാജിദും കാസ്സിമും.. ഞങ്ങള്‍ അവര്‍ക്കൊപ്പം ഫോട്ടോ എടുത്തു. സ്വന്തം ചിത്രം ആദ്യമായി കാണുന്നത് പോലെ അവര്‍ ആര്‍ത്തി പൂണ്ടു നോക്കി വെളുക്കെ ചിരിച്ചു. കാസിമിന്റെ മുഖം ലജ്ജ കൊണ്ട് താന്നു. ഒരു വൃത്തിയുള്ള സ്റ്റീല്‍ പാത്രത്തില്‍ നിറയെ വെളുവെളുത്ത പാല്‍ അവര്‍ അപ്പോള്‍ അവിടെ വെച്ച് കറന്നു തന്നു. സ്നേഹത്തിന്റെ മണം എന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ ഒട്ടകപ്പാലിന്റെ എന്ന് പറയും.. 2 ദിവസം മുന്‍പ് മാത്രം പ്രസവിച്ച വെളുത്ത ഒരു ഒട്ടകകുഞ്ഞു അവിടവിടെ ഓടിക്കളിച്ചു നടന്നു..  വണ്ടിയില്‍ നിന്നും 2 ബോട്ടിലുകള്‍ നിറയെ ഒട്ടപാല്‍ ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കായി മാറ്റി വെച്ചു. മുഹമ്മദ്‌ എന്റെ നിര്‍ദ്ദേശപ്രകാരം ഒരു 50 റിയാലിന്റെ നോട്ടെടുത്ത് സ്നേഹപൂര്‍വ്വം മുതബയുടെ കയ്യില്‍ വെച്ചു കൊടുത്തു. എന്റെ തെറ്റ്..  അടുത്ത നിമിഷം മുതബയുടെ മുഖം മാറി. വെളുത്ത പുരികക്കൊടിക്ക് താഴെ കണ്ണില്‍ കോപം ചെന്താമര വിരിയിച്ചു. 'സൌഹൃദത്തിനു  വില പറയുന്നോ' എന്നയാള്‍ ആക്രോശിച്ചു.. മുഹമ്മദ്‌ ഒരു പത്ത് വട്ടവെങ്കിലും മാലീസ് (ക്ഷമിക്കു) പറഞ്ഞു.  ഞങ്ങളെ ഹൃദയത്തോടെ ചേര്‍ത്ത് നിര്‍ത്തി ആ പാകിസ്താനി വൃദ്ധന്‍ പറഞ്ഞു നമ്മളെല്ലാം അല്ലാഹുവിന്റെ മക്കളാണെന്നു. ഇനിയും വരണമെന്ന്. ഇത്തവണ എന്റെ കണ്ണ് മാത്രമല്ല മുഹമ്മദിന്റെയും മാജിദിന്റെയും കാസ്സിമിന്റെയും കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.. അതിരുകളില്ലാത്ത മാനവ സ്നേഹത്തിന്റെ മാടപ്രാവുകള്‍ ഇന്നും ഈ ലോകത്തില്‍ നിലനില്‍ക്കുന്നു.  തമ്മില്‍ തമ്മില്‍ ഭയക്കുന്ന ആഗോളവത്കൃത നവസമൂഹത്തില്‍ സഹൃദയതിന്റെ വറ്റാത്ത ഉറവകള്‍ നിലക്കുന്നെയില്ലാ..
ആ ചെറിയ തമ്പും വലിയ മനുഷ്യരും കൂട്ടിന്നിരിക്കുന്ന കുറെ ഒട്ടകങ്ങളും പിന്നിട്ടു കിലോമീറ്ററുകള്‍ കഴിഞ്ഞിട്ടും ഞാനും മുഹമ്മദും ഒന്നും മിണ്ടിയില്ലാ. മാജിദിനോടും കാസ്സിമിനോടും ഒപ്പം പങ്കിട്ട ഒരു മണിക്കൂര്‍ ജീവിതത്തിലെ മനോഹര മുഹൂര്‍ത്തങ്ങളില്‍ ഒന്നാകുന്നു. ചില തിരിച്ചറിവുകള്‍ ജീവിതത്തെ കൂടുതല്‍ അര്‍ത്ഥമുള്ളതാക്കുന്നു..
ഇന്നും യാത്ര ചെയ്യുമ്പോള്‍ റോഡിന്നരികിലായി കാണുന്ന ചെറിയ തംബുകളിലെ മാജിദുമാരെയും കാസ്സിമുമാരെയും കുറിച്ച് ഞാന്‍ ചിന്തിക്കാറുണ്ട്. അവിടെ വിളയുന്ന നിര്‍മലമായ സഹജീവിവര്തിതത്തിന്റെ  വെളുത്ത പാലിനെ കുറിച്ച് ചിന്തിക്കാറുണ്ട്...
മാജിദ്... കാസിം... അസ്സലാമു അലൈക്കും...... 















Wednesday, February 9, 2011

ഭയം (കവിത)


 കാട്...

കൊടും... കാട്...
കാട്ടില്‍ ഒറ്റക്കൊരു മരം.
മരത്തിനു കാടിനെ  ഭയം,
കാടിന്റെ ഇരുട്ടിനെയും.
തന്റെ ചില്ലയില്‍ കൂടു കൂട്ടാന്‍ വരുന്ന കിളികള്‍ ,
തന്നെയും റാഞ്ചി പറന്നു പോകുമോ എന്ന്...
കാലിലെ മുറിവില്‍ തപസ്സിരിക്കുന്ന സര്‍പ്പത്തിന്‍ ,
വിഷം തീണ്ടി ചത്തുപോകുമോയെന്ന്.
പൂക്കാന്‍ പേടി... കായ്ക്കാന്‍ പേടി... തളിര്‍ക്കാന്‍ പേടി...
മരമങ്ങിനെ...
ഒന്നല്ലാ...  ഒരായിരം മരങ്ങള്‍...