എന്‍റെ സുഹൃത്ത് സുനില്‍ ബാബു ഫൈസ്ബൂക്കില്‍ പങ്കിട്ട ഒരു പടമാണ് പ്രചോദനം. ഒരു വലിയ മീനിന്‍റെ പടം. അതിലെന്തിത്ര അത്ഭുതപ്പെടാന്‍ എന്ന് ചിന്തിക്കണ്ട. ആ മീന്‍ വഴിതെറ്റി വന്നത് ചാലിയാറില്‍!. അപ്പോള്‍ അതില്‍ ചിലതെന്തോ ഇല്ലേ. ഊര്‍ദ്ധശ്വാസം വലിക്കുന്ന ചാലിയാറിന്റെ നെഞ്ചകത്ത് വിരുന്നു പാര്‍ക്കാന്‍ വന്ന വിദേശി. അത്രയെ വിശേഷിപ്പിക്കാനാവൂ ആ കൂട്ടുകാരനെ. ടാണയിലെ ഫാക്ടറികളില്‍ നിന്നുറന്നോഴുകുന്ന മലിനജലം, ടാണയില്‍ നിന്നും മാത്രമല്ല, കിതചൊഴുകുന്ന കൈവഴികളില്‍ എവിടങ്ങളിലെല്ലാം തന്നെ കാത്തിരിക്കുന്ന വിഷസഞ്ചികളെ സ്വാംശീകരിചായിരിക്കാം എന്‍റെ പുഴ ഒഴുകുന്നത്. പണ്ട് സഹ്യസാനുക്കളുടെ തലോടലേറ്റു പ്രകൃതിരമണീയതയുടെ അത്ഭുതലോകത്തിലൂടെ വിടര്‍ന്ന കണ്ണുകളുമായി അമ്മയോടണയാന്‍ വെമ്പലില്ലാതെ ഒഴുകിയിരുന്ന പുഴയല്ല ഇന്ന്‍. നെഞ്ചില്‍ നൂറ്റാണ്ടുകളായി കാത്തു വെച്ചിരുന്ന സ്വപ്നങ്ങളത്രെയും സ്വര്‍ണ്ണങ്ങളെന്നു പറഞ്ഞു മുലപ്പാല്‍ കുടിച്ചു വളര്‍ന്ന മക്കള്‍ തന്നെ കവര്‍ന്നെടുത്തു. മക്കളെ പോലെ കരുതിപോറ്റിയ മീനുകളും തവളകളും പിന്നെ പേരുപോലുമറിയാത്ത പുഴയോളം തന്നെ വരുന്ന പുഴത്താറുകളും അങ്ങനെ കണ്ണില്‍ കണ്ടതെല്ലാം മുടിയനായ പുത്രന്‍റെ വയറുനിറക്കാന്‍ കാണിക്കവെച്ചു. എന്നിട്ടും കൊതിതീരാതെ കീറിമുറിച്ചും കവര്‍ന്നെടുതും തടയണകെട്ടിയും ഗതിമാറ്റിയും എന്തെന്നും എന്തിനെന്നും അറിയാതെ അവന്‍ തുടരുക തന്നെയാണ്. മരണവിധി നല്‍കിയിട്ടും നിര്‍ത്താത്ത പീഡനം.
നിറയെ മീനുകളുമായി മഴക്കാലം ഒരു വസന്തമായിരുന്നു പണ്ട്. പിന്നെ പിന്നെ മീനുകളില്ലാതെയായി. വാളയും കൊയാട്ടിയും വരാലും ഒരു സ്വപ്നം മാത്രമായി. കല്ലാങ്കാരിയും പൂസ്സാനും ചെള്ളിയും പരലുകളും മാത്രം എപ്പോഴെന്കിലുമായി വിരുന്നുകാരെ പോലെ വന്നു പോയി. തോടില്‍ മുളകൊണ്ടും ഓലകൊണ്ടും തടയണ കെട്ടി തൊട്ടടുത്തെ പാടതിലൂടെ വെള്ളം തിരിച്ചു വിട്ടു കുണ്ടുകണ്ടത്തിലേക്ക് വെള്ളം ചാടിച്ചു കണ്ണിമ ചിമ്മാതെ കാത്തിരിക്കും. ചെറിയ മീനുകളില്‍ തുടങ്ങി വലിയ മീനുകള്‍ വരെ ചാടാന്‍ തുടങ്ങും. താഴത്തു കുണ്ടുകണ്ടത്തില്‍ വെള്ളം വീണുയുണ്ടായ ചെറിയ കുഴിയിലേക്ക് ചാടുന്ന വെള്ളത്തെ തോല്‍പ്പിക്കാന്‍ എന്നവണ്ണം മുകളിലോട്ടു. ഇങ്ങനെ മീന്‍ ചാട്ടം ഉഷാറാകുമ്പോഴാണ് മീന്‍ പിടിക്കുക. ഞങ്ങളതിനെ വാര്‍ത്തു മീന്‍ പിടിക്കുക എന്നാണു പറയുക രണ്ടു മൂന്നു പേര്‍ കുണ്ടുകന്ടത്തില്‍ നിന്നും ചാലിട്ടൊഴുകുന്ന വെള്ളത്തില്‍ താഴെ വല പിടിക്കും. മുകളില്‍ ഒരു മരപ്പലക വെച്ച് വെള്ളം തടയും. അപ്പോള്‍ മീന്കള്‍ തിരിച്ചു താഴേക്ക് തന്നെ പായും. ആ മീനുകള്‍ വലയില്‍ തടയും. അത് കഴിഞ്ഞാല്‍ പിന്നയും മണികൂറോളം കാത്തിരിപ്പ്. അങ്ങിനെ നേരം വെളുക്കും വരെ. പരപരാ വെളുത്തുതുടങ്ങുമ്പോള്‍ വീതം വെപ്പ്. എല്ലാവര്ക്കും തുല്യ ഓഹരി. കയ്യില്‍ അഞ്ചോ ആറോ കിലോ മീനുമായി വീട്ടിലേക്കു കയറിച്ചെല്ലുമ്പോള്‍ മനസ്സില്‍ ആഹ്ലാദം തിരതല്ലും.
ഒരിക്കല്‍ ഒരു മഴക്കാലത്തെ തെളിഞ്ഞ പ്രഭാതത്തില്‍ കുളിക്കാന്‍ തോട്ടിലെതിയപ്പോള്‍ കണ്ടു ഒരു ചെറിയ ആള്‍ക്കൂട്ടം. മരണ വീടിലെ പോലെ അടക്കിപ്പിടിച്ച സംസാരങ്ങള്‍. അടുത്തെത്തിയപ്പോള്‍ മൂക്ക് തുളക്കുന്ന നാറ്റം. വെള്ളത്തിലേക്ക് ഒരു വട്ടം നോക്കിപ്പോഴേക്കും കണ്ണ് പിന്‍വലിച്ചു. മനസ്സില്‍ കൊടുവാള് കൊണ്ട് വെട്ടേറ്റ പോലെ വേദന. കണ്ണില്‍ നിറയുന്ന നനവ്. കാഴ്ചയെ കണ്ണീരിന്റെ നേര്‍ത്തപാളികള്‍ പാതി മറച്ചു. വെള്ളത്തില്‍ പൊന്തിക്കിടക്കുന്ന നൂറു കണക്കിന് ശവങ്ങള്‍. മീനുകള്‍, തവളകള്‍, നീര്‍ക്കൊലികള്‍, പിന്നെ പേരറിയാത്ത പലതും... അമ്മമാര്‍ അച്ഛന്മാര്‍ കുട്ടികള്‍ കടലമണിയോളം പോലും വലുപ്പമില്ലാതെ ചെറിയ ജാലങ്ങള്‍... എല്ലാത്തിനും വെള്ള നിറം. ഞങ്ങള്‍ കെട്ടിയുണ്ടാക്കിയ തടയണ ശവങ്ങളടിഞ്ഞു നിറഞ്ഞിരിക്കുന്നു. രാത്രി ആരോ നഞ്ചു കലക്കിയാതാണ് അവിടെയുള്ളവരാരും ആകില്ല അതുറപ്പാണ്. ഇന്നും മായാതെ നില്‍ക്കുന്ന കാഴ്ച. അന്ന് നെഞ്ചേറ്റ മുറിവിന്റെ വേദന ഇതെഴുതുമ്പോള്‍ പിന്നെയും... പിന്നെ ഞാനാ തോടില്‍ മീന്‍ പിടിച്ചിട്ടില്ല. അതിനു ശേഷം ആര്‍ക്കും അവിടെ ഒരു കൈക്കുമ്പിളില്‍ കൂടുതല്‍ മീന്‍ കിട്ടിയിട്ടില്ലാ.
ശവതീനികള്‍.. അവര്‍ ഒന്നിനെയും ബാക്കി വെക്കുന്നില്ല. അവര്‍ ഇന്നില്‍ ജീവിച്ചു മരിക്കുന്നവരാണ്. നാളേക്ക് വേണ്ടിയും മക്കള്‍ക്ക് വേണ്ടിയും കരുതാന്‍ ഞങ്ങളുടെ പിന്‍മുറക്കാര്‍ ഞങ്ങളെ ഏല്‍പ്പിച്ചത് ഞങ്ങള്‍ ഞങ്ങളുടെ മക്കള്‍ക്കായി കൂടി കരുതിവെക്കുകയായിരുന്നു. ഞങ്ങളുടെ മക്കള്‍ ഇനി വാര്‍ത്തു മീന്‍ പിടിക്കില്ല. വാളയും മുഴുവും കൊയാട്ടിയും എല്ലാം ഇനി കഥകള്‍ മാത്രമായി അവശേഷിക്കും. ഇന്ന് വാര്‍ത്തു മീന്‍ പിടിക്കാന്‍ കുണ്ട്കണ്ടമില്ല അവിടെ പഞ്ചായത്ത് കുളം കുത്തി. മുളയും ഓലയും കൊണ്ട് തടയണ കെട്ടിയ സ്ഥലത്തു കോണ്‍ക്രീറ്റ് തടയണ ഉയര്‍ന്നു. തോട് മുഴുവന്‍ രണ്ടു ഭാഗത്തും സിമെന്റിട്ടു കെട്ടി വെച്ചിരിക്കുന്നു. തോട് ഒരു അരിച്ചാല് പോലെ ശുഷ്കിച്ചു ആണ്ടില്‍ ഭൂരിഭാഗവും ജല സമ്പന്നമായ ഒരു ഭൂതകാലം അയവിറക്കി കഴിയുന്നു.., തൊണ്ട നനക്കാന്‍ പോലും വെള്ളം കിട്ടാതെ...
തോടും പുഴകളും പാടവും മലകളുമെല്ലാം നമ്മള്‍ നമുക്കിഷ്ടം പോലെ ഇടിച്ചു നിരത്തിയും മണ്ണിട്ട് പൊന്തിച്ചും കുളം കുത്തിയും നശിപ്പിച്ചു. തെച്ചിയും തുമ്പയും കുറുംതോട്ടിയും കുളക്കോഴിയും എല്ലാം മണ്മറഞ്ഞു. ഇന്ന് നമ്മള്‍ മാത്രമായി.. തനിചാകുന്നതില്‍ നാം സന്തോഷം കണ്ടെത്താന്‍ പഠിച്ചു. മതിലുകള്‍ കെട്ടി അയല്‍ക്കാരെ വേര്‍തിരിച്ചു. കാടും മരങ്ങളും പൂക്കളും കാണാന്‍ വീട്ടില്‍ LED TV വെച്ച് കൊടുത്തു. മണ്ണില്‍ കളിച്ചു രോഗം പിടിപെടാതിരിക്കാന്‍ മുറ്റം മുഴുക്കെ സിമെന്റിട്ടു. അങ്ങിനെയങ്ങിനെ....
നമുക്ക് ലഭിച്ചതോന്നും നമ്മുടെ മക്കള്‍ക്ക് കിട്ടരുതെന്നു നാം വാശി പിടിക്കുന്നു. നമ്മള്‍ ആസ്വദിച്ചതോന്നും അവര്‍ ആസ്വദിക്കരുത് എന്നും. നമ്മള്‍ എല്ലാത്തിനും മരണവിധിയെഴുതുന്ന തിരക്കിലാണ്.. നമ്മളറിയുന്നില്ലാ നമ്മളെഴുതുന്നത് നമ്മുടെ തന്നെ വിധിയെന്ന്...


നന്നായിട്ടുണ്ട്......
ReplyDelete