Wednesday, January 21, 2009

ഒരു പ്രവാസിയുടെ അനുഭവക്കുറിപ്പ്

സഖേ..
നന്ദി, അലംഭാവം കൂടാതെ അയച്ച കുറിമാനത്തിനു.., അതിലെ ഉല്‍ഖണ്ഠകള്‍ക്ക് എല്ലാം നന്ദി. സത്യത്തില്‍ കത്തുകളയക്കുന്നതിനേക്കാള്‍ സുഖം മറുപടികള്‍ രചിക്കുന്നതില്‍ ആണ് എന്ന് മനസിലാക്കിയത് ഇവിടെ വന്നതിനു ശേഷമാണ്. എല്ലാം മെയിലുകള്‍ക്കും ഞാനിപ്പോള്‍ മറുപടി അയക്കുന്നു.

അത്യന്തം കലുഷിതമായ കാലമാണിത്. കടലില്‍ നിന്നു വീശുന്ന കാറ്റാണെങ്കില്‍് പോലും അല്പംപോലും മാര്‍ദ്ദവമില്ലാതെ ശരീരത്തിന്റെ കോശങ്ങളെയെല്ലാം വല്ലാതെ കുത്തി നോവിക്കുന്നു.. ഇവിടെ ചൂടു തുടങ്ങിയെത്രേ.. ഇനി മൂന്നാല് മാസം ഉഷ്ണകാലമാണ്. ഒരു ഗ്ലാസ് വെള്ളം പുറത്തുവെച്ചാല്‍ രണ്ടു മിനിറ്റുകൊണ്ടു ചായപ്പൊടിയിട്ടെടുക്കാം.

നാലായിരിരത്തോളം തൊഴിലാളികളുണ്ടിവിടെ. ചുട്ടുകത്തുന്ന സൂര്യനോട്‌ എന്തോ പ്രതികാരം തീര്‍ക്കാനെന്നോണം തെല്ലൊരഹങ്കാരത്തോടെ അദ്ധ്വാനിക്കുന്നവര്‍. ലോകത്തിന്റെ വിവധ കോണുകളില്‍ നിന്നുള്ളവര്‍. ഇന്ത്യക്കാര്‍, പാക്കിസ്ഥാനികള്‍, ബംഗ്ലാദേശികള്‍ സുധാനികള്‍.. പിന്നെ സ്വന്തം കമ്പനി എന്ന അഹങ്കാരം വേണ്ടതിലധികം കാണിക്കുന്ന തുര്‍ക്കികള്‍. അവര്‍ ആജാനുബാഹുക്കള്‍്.. പണിയൊന്നും ചെയ്യാതെ കാശ് വാങ്ങാന്‍ ലൈസെന്‍സ് ഉള്ളവര്‍. വീട്ടിനടുത്ത് സ്കൂള്‍ ഉണ്ടായിരുന്നതിനാലോ പോകുന്ന വഴിയില്‍ വെച്ചോ സരസ്വതീനിലയം കണ്ടിട്ടെങ്കിലും ഉള്ളവര്‍ സൂപെര്‍വൈസര്‍മാരാണ്. ഒരു മഴയില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടിയെങ്കിലും സ്കൂള്‍ വരാന്തയില്‍ കയറിപ്പോയിട്ടുള്ളവര്‍ എല്ലാം ഫോര്‍മാന്‍മാരും. മറ്റെവിടെയും കേട്ടുകേള്‍വി പോലുമില്ലാത്ത ഒന്നു, ഇവിടെയുള്ള എല്ലാ തേഡു കണ്ട്രി എഞ്ചിനീയര്‍മാര്‍ക്കും സീനിയര്‍ ആയി ഒരു തുര്‍ക്കി ഫോര്‍മാന്‍ ഉണ്ട് എന്നതാണ്. എഴുതുകയാണെങ്കില്‍ ചിരിച്ചു ചാവാന്‍ മാത്രം തമാശകളാണ് ഇവിടെ ദിനംപ്രതി പിറവികൊള്ളുന്നത്. നാല് മലയാളികള്‍ ചേര്‍ന്നാല്‍ പിന്നെ തുര്‍ക്കികളുടെ അക്കിടികളും അബന്ദ്ധങ്ങളും നിറയുകയായി.

എട്ടു മണിക്കൂര്‍ ആണിവിടെ ജോലി സമയം. പക്ഷെ രണ്ടു മണിക്കൂര്‍ ഓവര്‍ടൈമുംകുടി കൂട്ടി പത്തു മണിക്കൂര്‍ നിര്‍ബന്ധമായും ജോലി ചെയ്തിരിക്കണം. ചിലര്‍ ഏഴും എട്ടും മണിക്കൂര്‍വരെ ഓവര്‍ടൈം ജോലി ചെയ്യാറുണ്ട്. ലെബെര്‍മാര്‍ക്കെല്ലാം ശമ്പളം വളരെ കുറവാണു. പകലന്തിയോളം പണിയെടുതിട്ടാണ് അവര്‍ എന്തെങ്കിലും സമ്പാധിക്കുന്നത്. അതിന് മുകളിലുള്ളവര്‍ക്ക് പക്ഷെ നല്ല ശമ്പളവും പരിപാലനവുമാണു. തുര്‍ക്കികള്‍ അവരുടെ സ്വന്തം കമ്പനി എന്ന അഹങ്കാരം എല്ലായിടത്തും കാണിക്കാറുണ്ട്. നമ്മളെ തേഡ് കണ്ട്രി ആയാണ് അവര്‍ പരിഗണിക്കുന്നത്. സൗദി അരാംകോയുടെ ചില പ്രൊജെക്ടുകളാണ് കമ്പനി ഇവിടെ ചെയ്യുന്നത്. അരാംകോ റിഫിനെറിയുടെ എക്സ്പന്‍ഷന്‍ . അതിലെ പൈപിംഗ് വര്‍കുകലാണ് ടെക്ഫെന്‍ ചെയ്യുന്നത്. 800 കോടി ഡോളറിന്റെ ഒരു പദ്ധതി.

കുറെ മലയാളികളുണ്ട് ഇവിടെ... അസ്ഥിത്വം ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടി പണയം വെച്ചവര്‍. കരളില്‍ എപ്പോഴും എരിയുന്ന നെരിപ്പോടും കൊണ്ടു നടക്കുന്ന അവരെ തഴുകിക്കടന്നു വരുന്ന കാറ്റിനും, പൊള്ളുന്ന ചുടും വിയര്‍പ്പിന്റെ ഗന്ധവുമല്ലാതെ മറ്റെന്തുണ്ടാകാന്‍. കിടപ്പാടം വീണ്ടെടുക്കാന്‍.. ലോണടച്ചു തീര്‍ക്കാന്‍. മകളെയോ പെങ്ങളെയോ കെട്ടിച്ചയക്കാന്‍ അല്ലെങ്കില്‍ അതിന്റെ കടം വീട്ടാന്‍.. പൂര്‍വ്വികര്‍ ആരെങ്കിലും ഉണ്ടാക്കിയ ബാധ്യതകള്‍ വീട്ടാന്‍.. പ്രിയപ്പെട്ടവര്‍ക്ക് ചികിത്സ നടത്താന്‍.. അങ്ങിനെയങ്ങിനെ പരാധീനതകളുടെ ഏറ്റിയാല്‍ പൊങ്ങാത്ത ഭാരവുമായാണ് ഓരോ പ്രവാസിയും സ്വപ്നഭുമിയി ലിരങ്ങുന്നതും ഉരുകിതീരുന്നതും.

വളരെ സംരക്ഷിതമായ ഏരിയ ആണിത്. എല്ലാര്‍ക്കും ഇങ്ങോട്ടു പ്രവേശനമില്ല. സൗദി അരാംകോയുടെയോ പെട്രോറാബിഗിന്റെയോ ഐഡന്റിറ്റി കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമെ ഇങ്ങോട്ടു പ്രവേശനമുള്ളൂ.. ചെക്ക്പോസ്റ്റുകളില്‍ യന്ത്രതോക്കുമായി കാവലിരിക്കുന്ന സൗദി പോലീസുകാര്‍ക്ക് നടുവിലുടെ ജീവന്‍ കയ്യിലെടുത്തു വേണം ഉള്ളിലേക്ക് കടക്കാന്‍. 10 കി. മീ അകലെയുള്ള റബിഗ് ആണ് ഏറ്റവും അടുത്തുള്ള അങ്ങാടി. ഒരു വലിയ സിറ്റി -ജിദ്ദയിലേക്ക് 180 കി മീ യാത്ര ചെയ്യണം. പക്ഷെ തൊഴിലാളികള്‍ക്ക്‌ വേണ്ടതെല്ലാം കമ്പനി നല്‍കുന്നുണ്ട്. സോപും ചീപ്പുമടക്കം.

എന്നാലും നാടിന്റെ ഓര്‍മ്മകള്‍ ഓരോ പ്രവാസികളുടെയും നൊമ്പരങ്ങളാണ്‌. ഞാനത് ആദ്യം അനുഭവിച്ചറിഞ്ഞത് ഷെരിനയുടെ കത്തും ഫോട്ടോകളും ജവഹറിനു കൈമാറിയപ്പോഴാണ്. ബപ്പയെന്നുച്ചരിക്കാന്‍ പോലുമാകാത്ത പ്രായത്തില്‍ പിരിഞ്ഞ കുഞ്ഞിന്റെ 3 വയസിലുള്ള ഫോട്ടോയില്‍ നോക്കി അവന്‍ വിതുമ്പലടക്കാന്‍ പാടുപെടുമ്പോള്‍ അവനെയെങ്ങിനെ ആശ്വസിപ്പിക്കണം എന്നെനിക്കറിയില്ലായിരുന്നു. പിന്നീട് പലതവണ കുഞ്ഞിനോട് സംസാരിച്ച ശേഷം ഇതികര്‍ത്തവ്യാമൂഢനായി അവന്‍ ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

ഇപ്പോള്‍ ഞാനും... നിങ്ങളെയൊക്കെ എത്ര മാത്രം നഷ്ടപെടുന്നുവെന്നു തിരിച്ചറിയുന്നു. പ്രിയപ്പെട്ടവര്‍ നാമെത്ര മാത്രം സ്നേഹിചിരുന്നവരെന്നു, എത്ര മാത്രം സ്വന്തം ജീവിതവുമായും ഹൃദയവുമായും സംവദിചിരുന്നവര്‍ ആയിരുന്നെന്നും ഒരാള്‍ തിരിച്ചറിയുന്നത്‌ ഇവിടെ വെച്ചാണ്. നിങ്ങളുടെ ഓരോ മെയിലിലും, ചെറുതെങ്കിലും ഓരോ സ്ക്രാപ്പിലും, ചാറ്റ് എഞ്ചിന്റെ ഇത്തിരിച്ചതുരത്തിലെ ഓരോ അക്ഷരങ്ങളിലും എന്റെ സ്നേഹം പങ്കുവെക്കപ്പെടുന്നു.

അത് പോലുമില്ലാത്തവര്‍ ഏറെയാണിവിടെ.. ഓരോ ആഴ്ചയിലും തങ്ങളെയും തേടിയെത്തുന്ന പ്രിയപ്പെട്ടവരുടെ കുറിമാനങ്ങള്‍ക്ക് കാത്തിരിക്കുന്നവര്‍.. അല്ലെങ്കില്‍ നാട്ടില്‍ നിന്നാരെങ്കിലും മടങ്ങി വരുമ്പോള്‍ കൂടെ കൊടുത്തയക്കുന്ന ഓഡിയോ കാസെട്ടിലെ പ്രിയങ്കരമായ ശബ്ദത്തിനു കതോര്‍ത്തിരിക്കുന്നവര്‍. മാസാവസാനം കിട്ടുന്ന ഒന്നിനും തികയാത്ത ശമ്പളത്തില്‍ നിന്നും പിശുക്കി മാറ്റിവെക്കുന്ന ഒരു 30 മിനുടിനു വേണ്ടി ദിനങ്ങള്‍ എണ്ണിയിരിക്കുന്നവര്‍ .. നാട്ടില്‍ നിന്നൊരാള്‍ വരുമ്പോള്‍ കൊടുത്തയക്കാന്‍ വേണ്ടി എന്റെ ഒരു സുഹൃത്ത് അവന്റെ പ്രിയപ്പെട്ടവളോടാവശ്യപ്പെട്ടത്‌ അവളുടെ വിയര്‍പ്പില്‍ കുതിര്‍ന്ന ഒരു തുവാല മാത്രമായിരുന്നു. എന്നും രാത്രിയില്‍ മുഖത്തോട് ചേര്‍ത്തിട്ട തുവലയുമായി ഉറക്കത്തിലേക്കു കുപ്പുകുത്തുമ്പോഴെങ്കിലും അവന്‍ അവളുടെ സാമീപ്യം സ്വന്തമാക്കുന്നുണ്ടാകാം.

വലിയ ഒരാള്‍ക്കുട്ടത്തിലും നമ്മള്‍ ഒറ്റക്കാകുന്നതിങ്ങനെയാണ് . എല്ലാവരുമുണ്ടായിട്ടും അനാഥമാകുന്നതും. നീണ്ട പുകക്കുഴലുകളിലൂടെ ഉയരുന്നത് അങ്ങിനെ അതിനു താഴെ വിയര്‍പ്പൊഴുക്കുന്നവന്റെ നെഞ്ചില്‍ കത്തുന്ന ആധിയുടെയും വിരഹത്തിന്റെയും കറുത്ത പുകയാകുന്നു. ഈ ആകാശം മുഴുവനും അതങ്ങിനെ കട്ടപിടിച്ചിരിക്കുന്നു. പലപ്പോഴും മേഘമാണെന്നു കരുതി ഞാന്‍ മഴ പെയ്തിരുന്നെങ്കില്‍ എന്നാശിച്ചിട്ടുണ്ട് . കരളിലെ കത്തുന്ന തീയിലേക്ക് ഒരു കുളിര്‍മാരിയായി പെയതിറങ്ങിയെങ്കില്‍ എന്ന്. ഒരിക്കലും പെയ്യില്ല അതെന്നു തിരിച്ചറിഞ്ഞെങ്കിലും ഇന്നും ഞാന്‍ പ്രതീക്ഷിച്ചിരിക്കുന്നു...

എന്നിട്ടും മുപ്പതും നാല്‍പ്പതും അടി താഴ്ചയില്‍നിന്നും താഴ്ച്ചയിലേക്ക് മണ്ണെടുക്കുന്ന, തിളച്ചു മറിയുന്ന വെയിലില്‍ വലിയ ഇരുമ്പ് പൈപ്പുകള്‍ വെല്‍ഡു ചെയ്യുന്ന പ്രവാസി, വിയര്‍പ്പിനൊപ്പം തുടച്ചു കളയുന്ന കണ്ണീര്‍ ആരും അറിയാറില്ല. പലപ്പോഴും അവന്റെ ജീവിതപങ്കാളി പോലും.. അടുത്ത വര്‍ഷമെങ്കിലും നടത്തേണ്ട മകളുടെ വിവാഹമോ, വീണ്ടെടുക്കേണ്ട ആധാരമോ ആണ് അവന്റെ പ്രചോദനം.

ഇവിടെ ഞാനെത്രയോ നിസ്സാരനാകുന്നു...

ചെങ്ങാതീ... തീരെ തളര്‍ന്നു പോകാതെ എനിക്ക് കരുത്തു നല്‍കുന്ന വസ്തുതകള്‍ മാത്രമാണിവ. അതിശയോക്തി തീരെയില്ലാത്ത തീര്‍ത്തും പച്ചയായ വസ്തുതകള്‍...
എന്റെയും നിന്റെയും കണ്ണീരിനു ചൂടു കുറയുന്നത്‌ ഇവരുടെ കണ്ണില്‍ എപ്പോഴും കനലെരിയുന്നത് കൊണ്ടാകണം.

സ്നേഹം മാത്രമെ ഇവര്‍ക്ക് വേണ്ടു.. സഹതാപം വേണ്ട. പുഞ്ചിരി മാതമേ വേണ്ടു... ആലിംഗനങ്ങളോ ആരാധനകളോ വേണ്ട.. (സ്ക്രാപ്പ് മാത്രമെ വേണ്ടു.. ഇ മെയിലോ ഫോണ്‍ കാളോ വേണ്ട.)

അതുപോലും നിഷേധിച്ചു അന്യവല്‍കരിച്ചു നിര്‍ത്തിയാല്‍ പ്രവാസി മനുഷ്യനല്ലാതെയാകും കലാകാരനല്ലാതെയാകും..

ഇടക്കൊക്കെ ഇത്രയെങ്കിലും പ്രതീക്ഷിച്ചു കൊണ്ടു ഞാനുമുണ്ടാകും... ഇവരുടെയോപ്പം...

നിന്നെ സ്നേഹിക്കുന്ന ഒരാള്‍
- റനീഷ് -

Saturday, January 17, 2009

മഴ!.....

മഴ!......

ഊഷരമായ ഭൂമിയിലേക്കു ഒരു ജനതതിയുടെ മുഴുവന്‍ പ്രാര്‍ത്ഥനകളും നെഞ്ചിലേറ്റി മഴയിപ്പോള്‍ പെയ്തിറങ്ങിയിട്ടുണ്ടാകും അല്ലേ...
ചെങ്ങാതീ. മഴ ഒരു അനുഭവമാണ്. ഇവിടെയീ വെയിലിന്റെ മാര്‍ദ്ദവമില്ലാത്ത പീഢകളെ വിയര്‍പ്പിന്റെ കനം കുറഞ്ഞ പാളികളാല്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന പ്രവാസിക്ക് മഴ ഒരു വസവാസക്കാലത്തിനപ്പുറം വരാനിരിക്കുന്ന നല്ല കാലത്തിന്റെ സുഖമുള്ള ഓര്‍മകളാണ്.

ഇന്നുച്ചക്ക് ഭക്ഷണത്തിനായി ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ക്കുള്ള വാഹനമെത്തിയിട്ടില്ല. കഷ്ടിച്ച് അരയടിയോളം തള്ളിനില്‍ക്കുന്ന ഡ്രൈവേഴ്സ് കാബിന്റെ നിഴലിനോടു ചേര്‍ന്നു നിന്ന് ഉച്ചവെയിലിന്റെ ചാട്ടവാറില്‍ നിന്നും രക്ഷപ്പെടാന്‍ വൃഥാ ശ്രമിക്കുന്നതിനിടക്ക് ഞാന്‍ വെറുതെ നാട്ടിലേക്ക് ഡയല്‍ ചെയ്തു. എന്തെല്ലാമോ പറയാന്‍ വെമ്പിനില്‍ക്കുന്ന കൂട്ടുകാരനെ ശാസിച്ചു നിശബ്ദനാക്കി ഞാനാ പൊരിവെയിലത്തു നിന്നു പെരുമഴ നനഞ്ഞു. കാറ്റടിച്ചു പെയ്യുന്ന മഴയില്‍ കുതിര്‍ന്നു തലയാട്ടി രസിക്കുന്ന മരങ്ങളെ കണ്ടു. കുത്തിയെലിക്കുന്ന അരുവെള്ളം ചവിട്ടിത്തെറിപ്പിച്ചു കടന്നു പോകുന്ന കുരുന്നുകളോട് വെറുതെ ചിരിച്ചു.......

സഖേ... മഴ പെയ്യുന്നത് ഹൃദയങ്ങളിലാണ്. ആഗോളവത്കരണത്തിന്റെ നിസ്സഹായനായ ഇരയായി സ്വയം തിരഞ്ഞടുക്കപ്പെടുമ്പോഴും , ഗൃഹാതുരതയും വിരഹവും ഹൃദയത്തില്‍ നിന്നും ചോര്‍ന്നു പോകാത്തവര്‍ ഇങ്ങനെയെത്ര..... !

സുഹൃത്തേ താന്‍ സുകൃതം ചെയ്തവനാകുന്നു. താന്‍ മഴയുടെ മധുര സംഗീതം കേട്ടുറങ്ങുകയും ഉണരുകയും ചെയ്യുന്നു. നിസ്സഹായനായ ഈ ഞാന്‍ പക്ഷെ, താങ്കള്‍ക്ക് സുഖമുള്ള സ്വപനങ്ങള്‍ കണ്ടുറങ്ങാന്‍ ഒരു നല്ല മഴക്കാലം ആശംസിക്കുന്നു...

Thursday, January 15, 2009

ഓര്‍മകളുടെ പൂനിലാവു - മൂണ്‍്സ്

(2007 ജൂലൈയില്‍ മൂണ്‍്സിന്റെ ഒന്നാം ചരമ ദിനത്തോടനുബന്ധിച്ചു എഴുതിയതാണ് ഇതു.)

മൂണ്‍സിന്റെ ഓര്‍മകള്‍ക്ക് ഒരു വര്‍ഷം പിന്നിടുകയാണ്... സ്വതസിദ്ധമായ സഹൃദയത്തം കൊണ്ടു മൂണ്‍്സ് എന്നും തന്റെ ബന്ധങ്ങളെയും ചുറ്റുപാടുകളെയും നറുനിലാവിന്റെ കനകശോഭയാല്‍ നിറച്ചിരുന്നു. ജീവിതത്തെ സത്യാന്വേഷണത്തിന്റെ പരീക്ഷണശാലയാക്കി സമൂഹത്തിലെപ്പോഴും വേറിട്ട്‌ നിന്നിരുന്നു. മനുഷ്യനേയും പ്രകൃതിയെയും ഇങ്ങനെ സ്നേഹിക്കാന്‍ കഴിയുന്നവര്‍ വളരെ വിരളമാണ്. ബുര്‍്ഷ്വാസിയെന്നൊ തൊഴിലാളിയെന്നോ മാര്‍്ക്സിസ്റ്റെന്നൊ ഫാസിസ്റ്റെന്നോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലോ ഉള്ള ഒരു ഒരുമ മൂണ്‍്സിന്റെ സുഹൃത് വലയത്തിന് അവകാശപ്പെടാനാവില്ല. എല്ലാവരും മൂണ്‍സിന്റെ സുഹൃത്തുക്കള്‍ ആണെന്നതോഴിച്ചാല്‍ അത്ര മാത്രം വൈവിധ്യമായിരുന്നു സമു‌ഹം. അത് കൊണ്ടുതന്നെ പൊതുജീവിതത്തിലും ബന്ധങ്ങള്‍ ഉണ്ടാക്കിയ വിവാദങ്ങള്‍ കുറച്ചൊന്നുമല്ല..
ഞാന്‍ പരിചയപ്പെടുന്ന സമയത്തു മൂണ്‍്സ് വെറും ചന്ദ്രനാണ്. വീടിലെ അഞ്ചാറു വയറുകളുടെ ഭാരം പിഡിസിക്കാരനെ കയ്യിലാകെയുള്ള ചിത്രകലയും കൊണ്ടു പോരുതാനയച്ച കാലം. എന്റെ വീടിലെ സ്ഥിരം സന്ദര്‍ശകനെന്ന നിലയില്‍ സുപരിചിതനായ യുവാവ് പിന്നീട് ബാലസംഘത്തിന്റെ രക്ഷധികാരിയായപ്പോള്‍ ഞങ്ങള്‍ക്കു ചന്ദ്രന്‍ മാമാനായി. ശരിക്കും അമ്പിളിമാമനെ പോലെ പുഞ്ചിരിക്കാന്‍ കഴിയുന്നത്‌ കൊണ്ടാവണം അദ്ദേഹത്തിന് ചന്ദ്രനെന്നു പേരിട്ടത്. തന്റെ സുഹൃത്തുക്ക ളൊടെന്ന പോലെ പ്രതിയോഗികളോടും അദ്ദേഹത്തിന്റെ ആദ്യത്തെ ആയുധം മനോഹരമായ പുഞ്ചിരിത്തന്നെ ആയിരുന്നു. അതില്‍ അടിയറവു പറയാത്തവരില്ല തന്നെ.
മനുഷ്യനെയും പ്രകൃതിയെയും ചു‌ഷണം ചെയ്യുന്നതിനെതിരായി കേരളത്തില്‍ നടന്നിട്ടുള്ള പോരാട്ടങ്ങളില്‍ മൂണ്‍്സ് ഭാഗഭാക്കാകാത്തവ ചുരുക്കം. പുഴകളും കാടും വയലും മലയും വെള്ളവുമെല്ലാം ഇത്രക്ക് അമൂല്യമണെന്നു കഥ പറഞ്ഞും പാട്ടുപാടിയും ക്ലാസ്സെടുത്തു മനസുകളിലേക്ക്‌ ഇന്‍്ജെറ്റ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരം തന്നെ ആയിരുന്നു. പറങ്ങോടന്‍പാറ സംരക്ഷണ സമരവുമായി ബന്ധപ്പെട്ട് ഞങ്ങളുടെ തോളോട്തോള്‍ ചേര്‍ന്ന് പോരാടിയ അദ്ദേഹം പകര്‍ന്നുതന്ന പാരിസ്ഥിതിക അറിവുകളാണ് പോരാട്ടത്തിനു നിലനില്‍പ്പിനായുള്ള പോരാട്ടമെന്നതിലുപരി വ്യക്തമായ ഒരു ആശയാടിത്തറ തീര്‍ത്തു തന്നത്. കൈ നിറയെ പണവും കണ്ണ് മഞ്ഞളിപ്പിക്കാന്‍ തക്ക സമ്മാങ്ങളും വാഗ്ദാനം ചെയ്തിട്ടും തന്റെ നിലപാടുതറയില്‍ ഉറച്ചുനിന്നാണദ്ദേഹം പ്രതിബദ്ധത പ്രഖ്യാപിച്ചത്.
മൂണ്‍്സിനെ പറ്റിയെഴുതാന്‍് ഇനിയും ഒരുപാടുണ്ട്. മൂണ്‍്സിന്റെ ഓര്‍്മകളാണെങ്ങും. കൊയ്ത്തു കഴിഞ്ഞ പാടവരമ്പത്തു, ഉണങ്ങി വരണ്ട ചാലിയാറിന്റെ തീരത്ത്, ഓര്‍മകളുടെ നൈരന്തര്യമുണര്‍്ത്തുന്ന പറങ്ങോടന്‍ പറയുടെ മുതുകത്തു, ഒറിയന്റല്‍ സ്കൂളിന്റെ മുക്കിലുള്ള ചെറിയ പാറപ്പുറത്ത്, എടവണ്ണ അങ്ങാടിയില്‍... അനുകൂലിക്കുന്നവര്‍ക്കും പ്രതികൂലിക്കുന്നവര്‍ക്കും ഒരുമിച്ചിരുന്നു താന്താങ്ങളുടെ വിചാരധാരകള്‍ പങ്കുവെക്കാനും തര്‍ക്കിക്കാനും രാത്രി ഏറെ വൈകുമ്പോള്‍ പരസ്പരം മധുരസ്വപ്നങ്ങള്‍ നേര്‍ന്നു പിരിയാനുമുള്ള ഒരിടം - മൂണ്‍്സിന്റെ ഭാഷയില്‍ ഇടമില്ലാത്തവര്‍ക്കൊരിടം - ടോമോയില്‍.. അങ്ങിനെ.. കറുത്ത വാവിന്റെ അന്ധകാരത്തില്‍ പോലും പരസ്പരസ്നേഹത്തിന്റെ നറുനിലാവു പകര്‍ന്നു തരുന്നു‌ മൂന്‍സ്; ഇപ്പോഴും.
കാലത്തിന്റെ തത്വശാസ്ത്രങ്ങള്‍ മാറിമറിഞ്ഞെക്കാം.. മൂണ്‍്സിന്റെ പോരാട്ടങ്ങളും ജീവിതനിരീക്ഷണങ്ങളും തിരസ്കരിക്കപ്പെട്ടെക്കം . ചാലിയാറിന്റെ മാറില്‍ ഇനി ചുരത്താന്‍ ചോര പോലും ബാക്കി വെക്കാതെ ചവച്ചെറിയപ്പെട്ടേക്കാം . ഞങ്ങളുടെ പുഴയും കുന്നും കാടും വയലുമെല്ലാം നിരന്തരം കൂട്ടബലാത്സംഗം ചെയ്യപ്പെട്ടേക്കാം.. ഞങ്ങളുടെ കണ്ണീര്‍ക്കടലില്‍ ആഡംഭരകപ്പലുകളിറക്കി അവര്‍ ആര്‍ത്തു രസിച്ചെക്കാം..
എന്നാലും നിലാവുള്ള കാലത്തോളം മൂണ്‍്സ് ഉണ്ടാകും... ഞങ്ങളുടെയോപ്പം... തളര്‍ന്നു പോകുന്നു എന്ന് തോന്നുമ്പോഴെല്ലാം പ്രതീക്ഷയുടെ പോന്‍്കിരണം ഞങ്ങളിലെക്കൊറ്റിച്ചൂ തരാന്‍...
മൂണ്‍്സ്... താങ്കള്‍ക്ക് മരണമില്ല.. തങ്ങളുടെ നിത്യസ്മൃതിക്കു മുന്നില്‍ ഞങ്ങളുടെ കൂപ്പുകൈ...
-
റനിഷ് -

Monday, January 12, 2009

പ്രവാസി (കവിത)

ജീവിതത്തിന്റെ വസന്തകാലം ചിലവഴിക്കാന്‍ നീ-
യെന്തിനെന്നെ ചുട്ടു പഴുത്ത മരുഭുവിലെത്തിച്ചു
എന്റെ സ്വപ്നങ്ങളൊക്കെയും എന്റെ മണ്ണില്‍ പൂത്തുലഞ്ഞു നിലക്കുമ്പോള്‍
എന്തിനെന്നെ അവയില്‍ നിന്നെല്ലാം അകറ്റി ഏകാന്തതയില്‍ തടവിലാക്കി
എന്റെ പ്രിയങ്ങലെല്ലാം എനിക്ക് കയ്യെത്താത്തേക്ക
കറ്റിയിട്ടു
എതേതുയരങ്ങളിലേക്ക് നടന്നു കയറാനാണ് നീ ആവശ്യപ്പെടുന്നത് .
എന്റെ പഞ്ചേന്ദ്രിയങ്ങളും വിരഹത്തിന്റെ ചങ്ങലകളാല്‍ കെട്ടിയിട്ടു
എന്ത് സര്‍ഗാത്മഗതകള്‍ക്കാണു നീ ഉത്തരവിടുന്നത്
കാലമേ.. എന്റെ വിധി തിരഞ്ഞെടുക്കാന്‍ കഴിയാത്ത വിധം നീയെന്നെ കെട്ടിയിട്ടിരിക്കുന്നു.
നിന്റെ പിന്നാലെ പ്രവാസത്തിന്റെ
ഒരു ഭ്രമണം കഴിഞ്ഞു
ഞാനെന്റെ ആറടി മണ്ണില്‍ തിരിച്ചെത്തുമ്പോഴെങ്കിലും
എന്റെ നഷ്ടങ്ങള്‍ക്ക് നീ വില പറയാതിരിക്കുക.

Sunday, January 11, 2009

ഞാന്‍ - സത്യവും മിഥ്യയും

ഞാന്‍ ഇപ്പോള്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ കാണുന്ന അന്ധാളിപ്പ് നിനച്ചിരിക്കാതെ നേരിടേണ്ടി വരുന്ന ചില യാഥാര്‍ഥ്യങ്ങളുടെതാണ്. പ്രവാസം; അതിനെ ശരിക്കും മനസിലാക്കാത്ത കാലത്ത് സ്വയം തിരഞ്ഞെടുക്കുന്നതും, അടുത്തറിയുംതോറും സ്വയം ബന്ധനസ്ഥനാകുന്നതുമായ ഒരു കെണിയാണല്ലൊ. മാനസികവും സാമ്പത്തികമായ ഉ‌രാകുടുക്കുകളില്‍ അകപ്പെടുകയും അതഴിക്കാന്‍ ശ്രമിക്കുംതോറും കു‌ടുതല്‍ കുരുക്കുകളില്‍ കുടുങ്ങുകയും ചെയ്യുന്ന ഒരു ജീവിതസമസ്യയുടെ കീറാവലകള്‍ക്കുള്ളില്‍ ഹോമിക്കപ്പെടുന്നതാണ് ഗള്‍ഫ് പ്രവാസം. ആഗ്രഹങ്ങളുടെയും കടപാടുകളുടെയും ഇടയില്‍പെട്ട് കാലത്തിന്റെ നേരും നെറിയും തിരിച്ചറിയാനാകാതെ പോകുന്നു ഓരോ പ്രവാസിയും. എന്റെ രണ്ടു വര്‍ഷങ്ങള്‍ രണ്ടു യുഗങ്ങളായാണു കടന്നു പോയത്. കാലയളവില്‍ ഞാന്‍ മറ്റെന്തു പ്രവൃതിയിലെര്‍പ്പെട്ടതിനെക്കാളും കു‌ടുതല്‍ സമയം ചിലവഴിചിരിക്കുക ചിന്തിക്കാനായിരിക്കും. അതില്‍ ഭാവിയും ഭു‌തവും വര്‍ത്തമാനവും ഉണ്ട് പ്രണയവും വിരഹവും പ്രവാസവും ഉണ്ട് മുതലാളിത്തവും കാമ്മ്യുനിസവുമുണ്ട് ആഗോളതാപനവും സാമ്പത്തിക പ്രതിസന്ധിയുമുണ്ട്‌. എന്‍റെ ജീവിതവീഥികളില്‍ കണ്ട എല്ലാ കാഴ്ചകളെപറ്റിയും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ഇവിടെ ഞാന്‍ ചിലത് കൊറിക്കുന്നു. ചില പാഴ്വാക്കുകള്‍ എനിക്ക് പോലും വേണ്ടാത്ത എന്‍റെ ചിന്തകള്‍.. എനിക്ക് പോലും നീതി പുലര്‍ത്താനാകാത്ത ആദര്‍ശങ്ങള്‍. എന്തിന് വേണ്ടിയെന്നെനിക്കറിയില്ല. എങ്കിലും...