മഴ!......
ഊഷരമായ ഭൂമിയിലേക്കു ഒരു ജനതതിയുടെ മുഴുവന്‍ പ്രാര്‍ത്ഥനകളും നെഞ്ചിലേറ്റി മഴയിപ്പോള്‍ പെയ്തിറങ്ങിയിട്ടുണ്ടാകും അല്ലേ...
ചെങ്ങാതീ. മഴ ഒരു അനുഭവമാണ്. ഇവിടെയീ വെയിലിന്റെ മാര്‍ദ്ദവമില്ലാത്ത പീഢകളെ വിയര്‍പ്പിന്റെ കനം കുറഞ്ഞ പാളികളാല്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന പ്രവാസിക്ക് മഴ ഒരു വസവാസക്കാലത്തിനപ്പുറം വരാനിരിക്കുന്ന നല്ല കാലത്തിന്റെ സുഖമുള്ള ഓര്‍മകളാണ്.
ഇന്നുച്ചക്ക് ഭക്ഷണത്തിനായി ഇറങ്ങിയപ്പോള്‍ ഞങ്ങള്‍ക്കുള്ള വാഹനമെത്തിയിട്ടില്ല. കഷ്ടിച്ച് അരയടിയോളം തള്ളിനില്‍ക്കുന്ന ഡ്രൈവേഴ്സ് കാബിന്റെ നിഴലിനോടു ചേര്‍ന്നു നിന്ന് ഉച്ചവെയിലിന്റെ ചാട്ടവാറില്‍ നിന്നും രക്ഷപ്പെടാന്‍ വൃഥാ ശ്രമിക്കുന്നതിനിടക്ക് ഞാന്‍ വെറുതെ നാട്ടിലേക്ക് ഡയല്‍ ചെയ്തു. എന്തെല്ലാമോ പറയാന്‍ വെമ്പിനില്‍ക്കുന്ന കൂട്ടുകാരനെ ശാസിച്ചു നിശബ്ദനാക്കി ഞാനാ പൊരിവെയിലത്തു നിന്നു പെരുമഴ നനഞ്ഞു. കാറ്റടിച്ചു പെയ്യുന്ന മഴയില്‍ കുതിര്‍ന്നു തലയാട്ടി രസിക്കുന്ന മരങ്ങളെ കണ്ടു. കുത്തിയെലിക്കുന്ന അരുവെള്ളം ചവിട്ടിത്തെറിപ്പിച്ചു കടന്നു പോകുന്ന കുരുന്നുകളോട് വെറുതെ ചിരിച്ചു.......
സഖേ... മഴ പെയ്യുന്നത് ഹൃദയങ്ങളിലാണ്. ആഗോളവത്കരണത്തിന്റെ നിസ്സഹായനായ ഇരയായി സ്വയം തിരഞ്ഞടുക്കപ്പെടുമ്പോഴും , ഗൃഹാതുരതയും വിരഹവും ഹൃദയത്തില്‍ നിന്നും ചോര്‍ന്നു പോകാത്തവര്‍ ഇങ്ങനെയെത്ര..... !
No comments:
Post a Comment